സംസ്ഥാനത്തെ സ്‌ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന സ്‌ട്രോക്ക് പഠന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാന മെഡിക്കല്‍ കോളജുകളിലും ആരോഗ്യ വകുപ്പിന് കീഴില്‍ 10 ജില്ലാതല ആശുപത്രികളിലും സ്‌ട്രോക്ക് ചികിത്സ നിലവിലുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോളജി വിഭാഗത്തിന് കീഴിലുള്ള രാജ്യത്തെ ആദ്യ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട സമ്പൂര്‍ണ സ്‌ട്രോക്ക് യൂനിറ്റ് സജ്ജമാക്കി. ശ്രീ ചിത്രഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിന്റെ കൂടിയടിസ്ഥാനത്തില്‍ 14 ജില്ലകളിലും സ്‌ട്രോക്ക് സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രത്യേക പ്രോജക്ട് തയാറാക്കാന്‍ ആരോഗ്യ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി.

പക്ഷാഘാതം അഥവാ സ്‌ട്രോക്ക് വന്ന രോഗികള്‍ക്ക് രണ്ടാമതും സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ട് പ്രാഥമിക ഇടപെടലിലൂടെ എങ്ങനെ വീണ്ടും സ്‌ട്രോക്ക് വരാതെ ആരോഗ്യം സംരക്ഷിക്കാം എന്നുള്ളതിനെ കുറിച്ച് ആരോഗ്യ വകുപ്പിന് വേണ്ടി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പക്ഷാഘാത ചികിത്സാ വിഭാഗം നടത്തിയ പഠന റിപ്പോര്‍ട്ട് ശില്‍പശാലയില്‍ അവതരിപ്പിച്ചു.

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ഈ പഠനത്തില്‍ 896 സ്‌ട്രോക്ക് വന്ന രോഗികളിലാണ് പഠനം നടത്തിയത്. പക്ഷാഘാതം വന്ന രോഗികളില്‍ 35 ശതമാനം പേര്‍ മാത്രമേ ആറുമാസത്തിനുള്ളില്‍ ബ്ലഡ് പ്രഷര്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ പരിശോധനകള്‍ നടത്തിയിട്ടുള്ളൂ എന്നാണ് പഠന റിപ്പോര്‍ട്ട്.

കൊല്ലം ജില്ലയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. അതിനായി ആരോഗ്യവകുപ്പിന് കീഴിലുള്ള കൊല്ലം ജില്ലയിലുള്ള എല്ലാ ഫീല്‍ഡ്തല ജീവനക്കാര്‍ക്കും ആശാപ്രവര്‍ത്തകര്‍ക്കും പക്ഷാഘാതം വന്നവര്‍ക്ക് ചെയ്യേണ്ട തുടര്‍നടപടികളുടെ ഒരു വിദഗ്ധ പരിശീലനം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റ്യൂട്ടിന്റെ ഭാഗമായി നല്‍കുകയുണ്ടായി. പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌ട്രോക്ക് വന്ന രോഗികളുടെ വീടുകളില്‍ പോയി അവര്‍ക്ക് വേണ്ട വൈദ്യ സഹായങ്ങളും മറ്റ് അനുബന്ധ സേവനങ്ങളും നല്‍കുകയുണ്ടായി.

സ്‌ട്രോക്ക് വന്നവരുടെ പരിചരണം, കൃത്യമായി മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, ഫിസിയോ തെറാപ്പി, ബിപിയും, ഷുഗറും നിരീക്ഷിക്കുക എന്നിവ ഇവര്‍ ഉറപ്പാക്കി. സ്‌ട്രോക്ക് വന്ന രോഗിക്ക് തീരെ കിടപ്പിലായി പോകാതെ അവരുടെ കൈകാലുകള്‍ ചലിപ്പിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും വേണ്ടിവരുന്ന ഫിസിയോതെറാപ്പി കൂടി ഈ ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്റര്‍വെന്‍ഷന്റെ ഭാഗമായി നല്‍കി.

ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉപാധികള്‍, കഴിക്കേണ്ട ഭക്ഷണം, പ്രവര്‍ത്തനങ്ങള്‍, ഫിസിയോതെറാപ്പി എന്നിവയെക്കുറിച്ചുള്ള സന്ദേശം പക്ഷാഘാതം വന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ആരോഗ്യ വകുപ്പ് എസ്.എം.എസ്. അയയ്ക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി കൊല്ലം ജില്ലയിലുള്ള പക്ഷാഘാതം വന്ന രോഗികളുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് സഹായകരമായതായി പഠനം വിലയിരുത്തുന്നു.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌ട്രോക്ക് വന്ന രോഗികളെ നിരീക്ഷിക്കാനും എൻ.സി.ഡി ക്ലിനിക്ക് വഴി തുടര്‍പരിചരണം ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, തിരുവനന്തപുരം, കൊല്ലം ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പ്രോഗ്രാം മാനേജര്‍മാര്‍, ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

Tags:    
News Summary - Veena George will strengthen the stroke treatment system in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.