'ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പ് വീണ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാർഥ്യമാകുന്നു. ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് കേരള മൊബൈല്‍ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂണ്‍ ഏഴിന് രാവിലെ 10.30 ന് മസ്‌കറ്റ് ഹോട്ടലില്‍ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.

ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്.

കൂടൂതല്‍ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഈ ആപ്പില്‍ ലിങ്ക് ചെയ്തിരിക്കുന്നു. അതിനാല്‍ ഈ ആപ്പിലൂടെ പരാതികള്‍ അറിയിക്കുന്നതിനും കഴിയുന്നു.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമാണ് കേരളം. എന്‍ഫോഴ്‌സ്‌മെന്റ്, ട്രെയിനിംഗ്, ബോധവത്ക്കരണം എന്നിവയിലൂടെ ഭക്ഷണത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച് വരുന്നു. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനം നേടി.

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ, ഓപ്പറേഷന്‍ ഓയില്‍ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കാന്‍ അനുമതി നല്‍കി. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു. പരാതി പരിഹാരത്തിന് ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാർഥ്യമാക്കി.

Tags:    
News Summary - Veena George will inaugurate the 'Eat Right Kerala' mobile app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.