പത്തനംതിട്ട: 2021നേക്കാൾ മികച്ച ഭൂരിപക്ഷം നേടി ആറന്മുള മണ്ഡലത്തിൽ ഈ നിയമസഭ തെരഞ്ഞെടുപ്പിൽ താൻ വിജയിക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി വീണ ജോർജ്. പത്തനംതിട്ട ആറന്മുളയിൽ ആനപ്പാറ ഗവൺമെന്റ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു.
ഇതുവരെയുള്ള ഭരണകാലയളവിൽ സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികൾ വിലയിരുത്തിയാൽമാത്രം എൽ.ഡി.എഫ് മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന് അവർ പറഞ്ഞു. പത്തനംതിട്ട നഗരത്തിലെ സ്റ്റേഡിയം, ആശുപത്രി, പുതിയ ഓഫിസുകൾ, പുതിയ റോഡുകൾ എന്നിങ്ങനെ വലിയ മാറ്റങ്ങളാണ് ഇവിടെ വികസനപരമായി നടപ്പിലാക്കിയത്. അടിസ്ഥാന സൗകര്യ വികസനത്തിലടക്കം വലിയ മാറ്റങ്ങൾ മണ്ഡലത്തിലുണ്ടായി. ഇതൊക്കെ നേരിൽ കണ്ട ജനങ്ങൾ ഭരണസഖ്യത്തിന് വോട്ട് ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ ആദ്യം മുതൽക്കേ പലരും തനിക്കെതിരെ വ്യക്തിഹത്യയും അതിക്ഷേപവുമായി രംഗത്തെത്തിയെന്നും പരാജയഭീതിയാണ് അവരെയൊക്കെ വേട്ടയാടുന്നതെന്നും വീണ ജോർജ് പറഞ്ഞു. വികസനത്തുടർച്ചയ്ക്കായി ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം. ആരോഗ്യ മേഖലയിൽ ഉൾപ്പെടെ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.
ആറന്മുള മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് അബിൻ വർക്കി കൊടിയാട്ടാണ് യു.ഡി.എഫിനായി ജനവിധി തേടുന്നത്. ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനാണ് എൻ.ഡി.എ സ്ഥാനാർഥി. ഇരുമുന്നണികൾക്കും പുറമെ അംബേദ്‌കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ, ബി.എസ്.പി, എസ്.യു.സി.ഐ പാർട്ടികളും ആറന്മുളയിൽ മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.