ഹരിത കർമ സേന പ്രവർത്തകർ (photo:haritham.kerala.gov.in)
കൊച്ചി: ഓരോ ദിവസവും സംസ്ഥാനത്തുണ്ടാകുന്ന അജൈവ പാഴ്വസ്തുക്കൾ വഴി എത്തുന്നത് കോടികളുടെ സാമ്പത്തിക നേട്ടം. നാല് വർഷത്തിനിടെ പാഴ്വസ്തുക്കൾ തരംതിരിച്ചു വിറ്റ് കേരളം നേടിയത് 205.20 കോടി. ഉറവിട മാലിന്യ ശേഖരണവും ശാസ്ത്രീയ മാലിന്യ സംസ്കരണവും ശക്ത്തിപ്പെടുത്തിയാണ് പാഴ്വസ്തുക്കളെ സാമ്പത്തിക മൂല്യമുള്ളതാക്കിയത്.
തദ്ദേശ സ്ഥാപനങ്ങൾ, ഹരിതകർമ സേന, റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ (ആർ.ആർ.എഫ്), മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റികൾ (എം.സി.എഫ്) എന്നിവയുടെ സഹകരണത്തോടെ പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യം, പേപ്പർ, ഗ്ലാസ്, ലോഹ ആക്രി, തുണിത്തരങ്ങൾ, മരുന്ന് സ്ട്രിപ്പ് തുടങ്ങിയ അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ച് ശാസ്ത്രീയ പുനഃചംക്രമണത്തിനും മൂല്യവർധനക്കും വിധേയമാക്കുന്ന സമഗ്രസംവിധാനമാണ് സംസ്ഥാന സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ ക്ലീൻ കേരള കമ്പനി വ്യാപകമായി നടപ്പാക്കുന്നത്.
കമ്പനി ഇതുവരെ 2,80,491 ടൺ അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ചു. ഇതിൽ 56,620 ടൺ പുനരുപയോഗത്തിന് സാധ്യതയുള്ളതും വില ലഭിക്കുന്നതുമായ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവയാണ്. 1.90 ലക്ഷം ടൺ പുനരുപയോഗം സാധ്യമല്ലാത്ത നിഷ്ക്രിയ പാഴ്വസ്തുക്കളും 3,120 ടൺ ഇലക്ട്രോണിക് മാലിന്യവുമാണ്.
പുനരുപയോഗ സാധ്യതയുള്ള പാഴ്വസ്തുക്കൾ ക്ലീൻ കേരള കമ്പനി വഴി വിപണനം ചെയ്ത് സംസ്ഥാനത്തെ ഹരിത കർമ സേനകൾ 40.06 കോടിയിലധികം വരുമാനം നേടി. പാഴ് വസ്തുക്കൾ കത്തിക്കുന്നതും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതും ഒഴിവാക്കി, ജനങ്ങളെ ശാസ്ത്രീയ മാലിന്യ സംസ്കരണ പാതയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് പരിസ്ഥിതി, പൊതുജനാരോഗ്യ സംരക്ഷണത്തിൽ പുതിയ ‘കേരള മാതൃക’യായെന്ന് ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ പറയുന്നു.
പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ ഇന്ധനമാക്കി മാറ്റാൻ എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ സ്വകാര്യ മേഖല സഹകരണത്തോടെ ആർ.ഡി.എഫ് പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
എറണാകുളം, കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ സാനിറ്റി മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുന്നു. പ്ലാസ്റ്റിക് പാഴ്വസ്തു ഗ്രീൻ പാർക്കിലൂടെ പുനരുപയോഗ സാധ്യമായ ഗ്രാന്യൂളുകളാക്കി മാറ്റുന്ന ആദ്യ പൊതുമേഖല സംരംഭം പത്തനംതിട്ടയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.