ഹൃദ്യം പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് സഹായകരമായ വിധത്തില്‍ ഹൃദ്യം പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഹൃദ്യം പദ്ധതിയുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് നിലവില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ്, എറണാകുളം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ കൂടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും പ്രശസ്ത്ര ഹൃദയ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ജയകുമാര്‍, എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. രാജേഷ്, ഹൃദ്യം നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവരാണ് വിദഗ്ധ സമിതിയിലുള്ളത്.

കുടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സൗകര്യം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഈ വിദഗ്ധ സമിതി പരിശോധിക്കും. ഗര്‍ഭസ്ഥ അവസ്ഥയില്‍ തന്നെ ഹൃദ്രോഗ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും ഫീറ്റല്‍ സര്‍ജറി ഉള്‍പ്പെടെ നടത്തുന്നതിനുമുള്ള സാധ്യതകളും സമിതി പരിശോധിക്കും.

കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് നവജാത ശിശുക്കള്‍ മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് ആരോഗ്യ വകുപ്പ് രൂപം നല്‍കിയിട്ടുള്ളത്. ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 5,897 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഈ വര്‍ഷം ഇതുവരെ 446 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി.

ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Veena George said that the Hridhyam project will be extended to more hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.