തിരുവനന്തപുരം: പാലിയേറ്റീവ് രോഗികള്‍ക്ക് മികച്ച ശാസ്ത്രീയ പരിചരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. ശാസ്ത്രീയ പാലിയേറ്റീവ് പരിചരണത്തിന് വേണ്ടിയുള്ള അരികെ പരിശീലന സഹായി പ്രകാശനം ചെയ്യുകയായരുന്നു മന്ത്രി.
പാലിയേറ്റീവ് കെയര്‍ നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ ഭാഗമായി വിവിധ തലങ്ങളില്‍ പരിശീലന പരിപാടികള്‍ നടന്നുവരുന്നു. പാലിയേറ്റീവ് കെയര്‍ പരിശീലന കേന്ദ്രങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ അംഗീകാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംസ്ഥാന തലത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗുണമേന്‍മയുള്ള പാലിയേറ്റീവ് പരിശീലനം നല്‍കി പ്രയാസമനുഭവിക്കുന്ന രോഗികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പാലിയേറ്റീവ് പരിചരണ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ക്രോണിക് പേഷ്യന്റ്‌സ് മാനേജ്‌മെന്റ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നു. ഫിസിയോത്തെറാപ്പി സൗകര്യവും ഈ യൂനിറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ, ജനറല്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
വിവിധ തലങ്ങളില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ക്ക് പൊതുരൂപവും പാഠ്യപദ്ധതിയും രൂപപ്പെടുത്തി. എല്ലാ പാലിയേറ്റീവ് പരിചരണ യൂണിറ്റുകളും രോഗീ പരിശീലനത്തോടൊപ്പം പരിശീലനവും ഒരു പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന വിവിധ പരിശീലന പരിപാടികള്‍ക്കുള്ള പരിശീലന സഹായിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.