ഗവേഷണം പ്രോത്സാഹിപ്പിക്കുക സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സര്‍വകകലാശാല തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ ക്ലിനിക്കല്‍ എപ്പിഡമോളജിസ്റ്റ്‌സ് മീറ്റും വര്‍ക്ക്‌ഷോപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ വിദ്യാർഥികളുടെ ഇടയിലും അധ്യാപകരുടെ ഇടയിലും ഗവേഷണം പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ആഗോള തലത്തില്‍ വിവിധ യൂനിവേഴ്‌സിറ്റികളില്‍ പ്രാഗത്ഭ്യത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അക്കാഡമിക് ബ്രില്യന്‍സുള്ള ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. അവരുടെ കഴിവുകള്‍ ആരോഗ്യ രംഗത്ത് ഗുണപരമായ രീതിയില്‍ പരിവര്‍ത്തനപ്പെടുത്തുക വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ഏത് ശാസ്ത്ര ശാഖയെ സംബന്ധിച്ചും ഗവേഷണം അനിവാര്യമാണ്. വൈദ്യ ശാസ്ത്രത്തെ സംബന്ധിച്ചടുത്തോളം ഏറ്റവും പ്രധാന കാര്യമാണ് ഗവേഷണം. പതിറ്റാണ്ടുകളോളമായി ദീര്‍ഘവീഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് പൊതുജനാരോഗ്യ രംഗത്ത് വലിയ മികവ് നേടാനായത്. നമ്മള്‍ രൂപീകരിച്ച സിസ്റ്റത്തിലൂടെയാണ് കോവിഡിനേയും നിപയും പോലെയുള്ള വെല്ലുവിളികള്‍ നേരിട്ടത്.

അക്കാഡമിക് പ്രതിഭയോടൊപ്പം ആരോഗ്യ മേഖലയെ മുന്നോട്ടു കൊണ്ടുപോകുന്നതിനും രാജ്യത്തിനും സംസ്ഥാനത്തിനും സംഭാവനകള്‍ നല്‍കുന്നതിനും കഴിയണമെന്നും മന്ത്രി പറഞ്ഞു.

ഗവേഷണങ്ങള്‍ക്ക് ആരോഗ്യ സര്‍വകലാശാല വലിയ പ്രധാന്യമാണ് നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് മുഖ്യ പ്രഭാഷണം നടത്തി. പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.പി. വിജയന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കല കേശവന്‍, സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഡോ. രാജ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Veena George said that the aim of the government is to promote research

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.