ഒരു വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാകുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ഒരു വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാകുമെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാന പാലിയേറ്റീവ് കെയര്‍ വിദഗ്ധ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരളം കര്‍മ്മ പദ്ധതി, ആര്‍ദ്രം മിഷന്‍ രണ്ടിന്റെ പ്രധാന പരിപാടികളില്‍ ഒന്നാണ് വയോജന പരിപാലനവും സാന്ത്വന പരിചരണവും. സംസ്ഥാനത്തെ എല്ലാ കിടപ്പ് രോഗികള്‍ക്കും കൃത്യമായ ഇടവേളകളില്‍ സാന്ത്വന പരിചരണ പ്രവര്‍ത്തകരുടെ സേവനം ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു..

വീടുകളില്‍ മെഡിക്കല്‍ നഴ്‌സിങ് പരിചരണം നല്‍കുന്ന പാലിയേറ്റീവ് കെയര്‍ സന്നദ്ധ സംഘടനകള്‍ക്ക് സംസ്ഥാന തലത്തില്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. നിലവിലെ മുഴുവന്‍ കിടപ്പ് രോഗികളുടെ വിവരങ്ങള്‍ സമയബന്ധിതമായി ശേഖരിക്കാനും അവര്‍ക്ക് പരിചരണം ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. 

വിവിധ ഏജന്‍സികള്‍ക്കും രോഗികള്‍ക്കും പൊതുജനത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പാലിയേറ്റീവ് കെയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന പാലിയേറ്റീവ് പരിചരണ യൂനിറ്റുകള്‍ക്ക് വേണ്ടി ക്വാളിറ്റി കണ്‍ട്രോള്‍ സംവിധാനം ആരംഭിക്കുന്നതാണ്. തൊഴില്‍പരമായി പുനരധിവസിപ്പിക്കാന്‍ കഴിയുന്ന പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് വേണ്ടി സംസ്ഥാനതല പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനെപ്പറ്റി ആലോചിക്കും.

ആശ വര്‍ക്കര്‍മാര്‍ വീടുകളില്‍ ചെന്ന് ശൈലി ആപ്പ് മുഖേന ശേഖരിക്കുന്ന ജീവിതശൈലീ രോഗ നിര്‍ണയത്തില്‍ കിടപ്പിലായവര്‍ക്കും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും സമഗ്ര പാലിയേറ്റീവ് പരിചരണം ലഭിക്കുന്നു എന്ന് ഉറപ്പാക്കണം. വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുന്നതിന് സ്‌കൂള്‍, കോളജ് തലങ്ങളില്‍ പരിശീലനം നല്‍കും. മെഡിക്കല്‍ കോളേജുകളില്‍ പാലിയേറ്റീവ് കെയര്‍ യൂനിറ്റും പാലിയേറ്റീവ് കോഴ്‌സുകളും ആരംഭിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. 

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഐ.എസ്.എം. ഡയറക്ടര്‍, ഹോമിയോപ്പതി ഡയറക്ടര്‍, വിവിധ പാലിയേറ്റീവ് കെയര്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

News Summary - Veena George said that Kerala will become a complete palliative care state within a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.