എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളേയും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കുമെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ലോക റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ഗവ. ആര്‍ട്‌സ് കോളേജില്‍ വച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായാണ് എല്ലാ ജില്ലാ ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. നായകളില്‍ നിന്നും കടിയേറ്റ് വരുന്നവര്‍ക്ക് ഏകീകൃതമായ ചികിത്സാ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. നായകളില്‍ നിന്നുള്ള കടിയേറ്റ് വരുന്നവരുടെ ആശങ്കയകറ്റുന്നതിന് കൗണ്‍സിലിംഗ് ഉള്‍പ്പെടെ ഈ കേന്ദ്രങ്ങളില്‍ സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നും കടിയേല്‍ക്കുന്നവരുടെ എണ്ണം വലിയ തോതിലാണ് വര്‍ധിച്ചത്. ഈ വര്‍ഷം ആഗസ്റ്റ് വരെ 1,96,616 പേര്‍ക്കാണ് നായകളുടെ കടിയേറ്റത്. അതേസമയം ഇന്ത്യയിലെ കണക്കുകളനുസരിച്ച് മരണം ഏറ്റവും കുറവ് കേരളത്തിലാണ്. പേവിഷബാധ മൂലമുള്ള മരണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്.

പേവിഷബാധ നിര്‍മാര്‍ജനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ആവശ്യം. പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും വളരെ പ്രധാനമാണ്. മൃഗങ്ങളില്‍ നിന്നും കടിയേറ്റാല്‍ ചെറിയ മുറിവാണെങ്കിലും 15 മിനിറ്റോളം ഒഴുകുന്ന വെള്ളത്തില്‍ കഴുകണം. ഇത് വൈറസ് തലച്ചോറില്‍ എത്താതെ പ്രതിരോധിക്കാനാകും. തുടര്‍ന്ന് എത്രയും വേഗം വാക്‌സിനെടുക്കണം. കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും മുടക്കം കൂടാതെ വാക്‌സിന്‍ എടുക്കണം. സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്‌സിന്‍ സൗകര്യമുള്ള 573 സര്‍ക്കാര്‍ കേന്ദ്രങ്ങളാണുള്ളത്. ഇമ്മിണോഗ്ലോബുലിന്‍ നല്‍കുന്ന 43 സര്‍ക്കാര്‍ സ്ഥാപനങ്ങളുമുണ്ട്.

പേവിഷബാധ പ്രതിരോധത്തില്‍ വിദ്യാർഥികള്‍ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. എല്ലാ വിദ്യാർഥികളും പേവിഷവാധ അവബോധം പരമാവധി പേരിലെത്തിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് അഭ്യർഥിച്ചു. മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - Veena George said that all vaccination centers will be made into model anti-rabies clinics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.