പ്രതീകാത്മക ചിത്രം

ഈ ഹൃദയത്തിന്​ വ​ഴിയൊരുക്കാം ഒരു ജീവനിലേക്ക്​

കൊച്ചി: ജീവൻ കൈയിൽ പിടിച്ചുകൊണ്ട് ഒരു യാത്ര. എറണാകുളം രാജഗിരി ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്‍റെ ഹൃദയവും കൊണ്ട് കോഴിക്കോട്ടേക്കാണ് യാത്ര. വാഹനത്തിന് വഴിയൊരുക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്.

മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്‍റെ (25) ഹൃദയം കോഴിക്കോട് മെട്രോ ഇന്‍റർനാഷണല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. അവയവദാന പ്രക്രിയക്കും യാത്രക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. എങ്കിലും എല്ലാവരും വഴിയൊരുക്കി ഈ വാഹനത്തെ കടത്തി വിടണം എന്നാണ് വീണ ജോർജിന്‍റെ അഭ്യർഥന.

ഫ്രാന്‍സില്‍ അക്കൗണ്ടിങ്​ മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. നേവിസിനെ സെപ്റ്റംബർ 16ന് വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്‍റെ ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് ഹൃദയം സ്വീകരിക്കുന്നത് ആരാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. സാജന്‍ മാത്യുവാണ്​ നേവിസിന്‍റെ പിതാവ്​. മാതാവ്​: ഷെറിൻ. സഹോദരങ്ങൾ: എല്‍വിസ്, വിസ്​മയ​. 

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്‍റെ (25) ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോട് മെട്രോ ഇന്‍റർനാഷണല്‍ ആശുപത്രിയിലേക്ക് പോകുകയാണ്. എത്രയും വേഗം ഹൃദയം കോഴിക്കോട് എത്തിച്ച് ചികിത്സയിലുള്ള രോഗിയില്‍ വച്ച് പിടിപ്പിക്കണം. ഓരോ നിമിഷവും പ്രധാനമാണ്. അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പോലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത ക്രമീകരണമൊരുക്കുന്നുണ്ട്. എങ്കിലും എല്ലാവരും വഴിയൊരുക്കി ഈ വാഹനത്തെ കടത്തി വിടേണ്ടതാണ്.

ഫ്രാന്‍സില്‍ അക്കൗണ്ടിങ്​ മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടന്നിരുന്നു. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതു മൂലമുള്ള പ്രശ്‌നമായിരുന്നു.

ആരോഗ്യനിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്‍റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്‍റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.

ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന അച്ഛന്‍ സാജന്‍ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരന്‍ എല്‍വിസിനേയും സര്‍ക്കാന്‍റെ എല്ലാ ആദരവും അറിയിക്കുന്നു.

Tags:    
News Summary - Veena George requested for an ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.