കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തിയ ആരോഗ്യ മന്ത്രി വീണ ജോർജ് അമ്മയെ ആശ്വസിപ്പിക്കുന്നു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണു മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് സന്ദർശനം. രാവിലെ ഏഴുമണി കഴിഞ്ഞാണ് മന്ത്രി തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട്ടിലെത്തിയത്. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ബിന്ദുവിന്റെ ഭർത്താവുമായും അമ്മയുമായും മക്കളുമായും മന്ത്രി സംസാരിച്ചു. അവരെ ആശ്വസിപ്പിക്കുകയും അനിവാര്യമായത് ചെയ്യാമെന്ന് ഉറപ്പ് നൽകിയുമാണ് മന്ത്രി മടങ്ങിയത്.
അത്യന്തം ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേതുമാണെന്നുമായിരുന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ബിന്ദുവിന്റെ കുടുംബത്തെ കണ്ടു. സംസാരിച്ചു. എല്ലാ തരത്തിലും സർക്കാർ പൂർണമായും അവർക്കൊപ്പമുണ്ടാകും. സഹായത്തെ കുറിച്ച് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും വീണ ജോർജ് പറഞ്ഞു. മന്ത്രിമാരായ വീണ ജോർജും വി.എൻ. വാസവനും ബിന്ദുവിന്റെ വീട് സന്ദർശിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
സർക്കാറിൽ പ്രതീക്ഷയുണ്ടെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പറഞ്ഞു. മകന് സ്ഥിരം ജോലി നൽകാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകിയതായും വിശ്രുതൻ വ്യക്തമാക്കി.
അതിനിടെ, കോട്ടയം മെഡിക്കൽ കോളജ് അപകടത്തിലെ അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാറിനു കൈമാറുമെന്ന് ജില്ല കലക്ടർ അറിയിച്ചു.
അപകടത്തെ തുടർന്ന് മെഡിക്കൽ കോളജിൽ മുടങ്ങിക്കിടന്ന ശസ്ത്രക്രിയകൾ നാളെ പുനരാരംഭിക്കും. ഓപറേഷൻ തിയറ്ററുകൾ പുതിയ കെട്ടിടത്തിൽ സജ്ജമാക്കാനുള്ള നടപടികൾ അതിവേഗത്തിൽ തുടരുകയാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും അറിയിച്ചു.മെഡിക്കൽ കോളജിലെ പഴയ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് (56) മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരും പെട്ടിട്ടില്ലെന്നാണ് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കൂടുതൽ തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് 12.30ഓടെ തിരച്ചിൽ തുടങ്ങി. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് കൂടുതൽ പരിശോധന നടത്തിയപ്പോൾ ഉച്ചക്ക് ഒരു മണിയോടെ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു.
മെഡിക്കൽ കോളജിലെ പഴയ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് (56) മരിച്ചത്. രാവിലെ 10.30-നായിരുന്നു കെട്ടിടം തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരും പെട്ടിട്ടില്ലെന്നാണ് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കൂടുതൽ തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് 12.30ഓടെ തിരച്ചിൽ തുടങ്ങി. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് കൂടുതൽ പരിശോധന നടത്തിയപ്പോൾ ഉച്ചക്ക് ഒരു മണിയോടെ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.