കോഴിക്കോട്: പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷാഫി പറമ്പില്‍ എം.പിയെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി ഷാഫിയെ കണ്ട പ്രതിപക്ഷ നേതാവ് ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഷാഫി പറമ്പിലിനെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ഗൂഢാലോചന നടത്തി മനപൂര്‍വമായാണ് ഷാഫി പറമ്പില്‍ എം.പിയെ പൊലീസ് ആക്രമിച്ചത്. ആയിരത്തില്‍ അധികം പേരുണ്ടായിരുന്ന യു.ഡി.എഫ് പ്രകടനത്തെ പൊലീസ് തടുത്ത് നിര്‍ത്തുകയായിരുന്നു. അന്‍പതു പേര്‍ മാത്രമുണ്ടായിരുന്ന സി.പി.എമ്മുകാരെയായിരുന്നു പൊലീസ് മാറ്റേണ്ടിയിരുന്നത്.
യു.ഡി.എഫുകാരെ തടുത്ത് നിര്‍ത്തിയിട്ടാണ് എസ്.പി പറഞ്ഞതു പോലെ ലാത്തി ചാര്‍ജിന് ഉത്തരവില്ലാതെ പൊലീസുകാര്‍ തലക്കും മുഖത്തും അടിച്ചത്. ഡി.വൈ.എസ്.പിയാണോ ഗ്രനേഡ് എറിയുന്നത്? ആള്‍ക്കൂട്ടത്തിനു നേരെയല്ല ഗ്രനേഡ് എറിയേണ്ടത്. അതിനൊക്കെ ഒരു നടപടിക്രമമുണ്ട്. ആളില്ലാത്ത സ്ഥലത്തേക്ക് ഗ്രനേഡ് എറിഞ്ഞ് അതിന്റെ പുക കൊണ്ടിട്ടാണ് ആളുകള്‍ പിരിഞ്ഞു പോകുന്നത്.
ഒരു പ്രവര്‍ത്തകന്റെ മുഖത്തേക്കാണ് ഗ്രനേഡ് എറിഞ്ഞത്. മുഖമാണ് തകര്‍ന്നു പോയത്. ഒരു സീനിയര്‍ ഉദ്യോഗസ്ഥനാണ് ഗ്രനേഡ് എറിഞ്ഞത്. സീനിയര്‍ ഉദ്യോഗസ്ഥന്‍ ഗ്രനേഡ് എറിയുന്നത് ആദ്യമായാണ് കാണുന്നത്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുകയാണ്. അതൊക്കെ കൈകാര്യം ചെയ്യും. ഷാഫി പറമ്പിലിനെ ആക്രമിക്കാന്‍ നടത്തിയ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണം.
എസ്.പി ഇന്നലെ ഏതു യോഗത്തിലാണ് പോയത്? പരിപാടിയുടെ സംഘാടകന്‍ ആരായിരുന്നു. സ്വാഗത പ്രാസംഗികന്‍ ആരായിരുന്നു. ഏതു യോഗത്തിലേക്കാണ് സി.പി.എം പൊലീസുകാരെ അയക്കുന്നത്? സേവദര്‍ശന്റെ പരിപാടിയിലേക്കാണോ? ആര്‍.എസ്.എസിന്റെ പരിപാടിയിലാണോ എസ്.പി സംസാരിക്കുന്നത്? ആരാണ് ഇവരെ വിട്ടത്? എന്തും ചെയ്യാമെന്ന നിലയിലേക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ പോകുകയാണ്. ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. ഇതൊന്നും ഞങ്ങള്‍ നോക്കി നില്‍ക്കില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.