നരാധമന്മാര്‍ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെന്നു പറയുന്നതില്‍ മുഖ്യമന്ത്രിക്ക് ലജ്ജ തോന്നുന്നില്ലേ? പൊലീസ് ക്രിമിനലുകള്‍ക്കെതിരെ ഇന്നുതന്നെ നടപടിയെടുക്കണമെന്നും വി.ഡി. സതീശൻ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലീസ് ക്രൂരമായി മര്‍ദിച്ച ദൃശ്യം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇവര്‍ പൊലീസുകാരല്ല, കാക്കി വേഷധാരികളായ നരാധമന്മാരാണ്. പൊലീസ് സ്റ്റേഷനുകള്‍ കൊലക്കളങ്ങളാക്കാന്‍ മടിയില്ലാത്ത ക്രിമിനലുകളുടെ സംഘമാണ്. ഇത്തരം സംഘങ്ങളെ വളര്‍ത്തുന്നത് സി.പി.എമ്മും അവരെ നിയന്ത്രിക്കുന്ന ഉപജാപകസംഘങ്ങളുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തു എന്നതാണ് സുജിത്തിനെതിരെ പൊലീസുകാര്‍ ചുമത്തിയ കുറ്റം. കുന്നംകുളം എസ്.ഐയായിരുന്ന നുഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു ക്രൂരമര്‍ദനം. സ്റ്റേഷനില്‍ കൊണ്ടു വന്നതു മുതല്‍ മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലി. കുനിച്ചു നിര്‍ത്തി പുറത്തും മുഖത്തും മര്‍ദിച്ചു. സുജിത്തിന്റെ കേള്‍വി ശക്തി നഷ്ടമായി. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പൊലീസ് നീക്കവും പൊളിഞ്ഞു. 2023ല്‍ നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമ പ്രകാരം ലഭ്യമായത്.

പൊലീസിലെ ക്രിമിനലുകളെ വളര്‍ത്തുന്നതില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കും പങ്കുണ്ട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ രക്ഷാപ്രവര്‍ത്തനമായി വ്യാഖ്യാനിച്ച മുഖ്യമന്ത്രി ഈ ദൃശ്യങ്ങള്‍ കാണണം. ഇവര്‍ അങ്ങയുടെ വകുപ്പില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നു പറയാന്‍ ലജ്ജ തോന്നുന്നില്ലേ? കാക്കിയിട്ട ഈ മനുഷ്യ മൃഗങ്ങളെ ഒരു നിമിഷം പോലും സര്‍വിസില്‍ വെച്ചുകൊണ്ടിരിക്കരുത്. ഇന്നു തന്നെ കര്‍ശന നടപടിയെടുക്കണം. ഇഷ്ടക്കാരെങ്കില്‍ ക്രിമിനലുകളെയും സംരക്ഷിക്കുന്ന പതിവുരീതി തുടര്‍ന്നാല്‍ കോണ്‍ഗ്രസും യു.ഡി.എഫും രൂക്ഷമായി പ്രതികരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ 2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്താണ് ക്രൂര മർദനത്തിനിരയായത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവരാവകാശ കമീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. തൃശൂര്‍ ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് മർദിച്ചത്.

Tags:    
News Summary - V.D. Satheesan says police should take action against criminals today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.