കേന്ദ്രാനുമതി ലഭിച്ചാലും കെ റെയില്‍ അനുവദിക്കില്ലെന്ന് വി.ഡി സതീശൻ

കൊല്ലം: കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാലും കേരളത്തില്‍ സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അഞ്ചോ ആറോ മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്തിച്ചേരാം.

കെ റെയില്‍ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കും. കേരളത്തെ തകര്‍ക്കുന്ന പദ്ധതി അനുവദിക്കില്ലെന്നതു തന്നെയാണ് യു.ഡി.എഫ് നിലപാട്. ഇന്ത്യ മുഴുവന്‍ നടപ്പാക്കുന്ന വന്ദേ ഭാരത് പദ്ധതി കേരളത്തില്‍ തരില്ലെന്ന് പറയുന്നത് അനുവദിക്കാനാകില്ല. ഏറ്റവും കൂടുതല്‍ ട്രെയിന്‍ യാത്ര ചെയ്യുന്നത് കേരളീയരാണ്. കേരളത്തിന് അവകാശപ്പെട്ടതാണ് വന്ദേ ഭാരത്. അല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ല.

അതുകൊണ്ട് ബി.ജെ.പി ഇത്രത്തോളം ആഘോഷിക്കേണ്ട കാര്യമില്ല. റെയില്‍വെ ഉണ്ടായ കാലം മുതല്‍ക്കെ കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അത്തരമൊരു മാറ്റത്തിന്റെ ഭാഗം മാത്രമാണ് വന്ദേ ഭാരത്. വന്ദേ ഭാരത് കാസര്‍കോട് വരെ നീട്ടണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്. അത് അംഗീകരിച്ചു. പാളങ്ങളുടെ വളവുകള്‍ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നതാണ് ഞങ്ങളുടെ രണ്ടാമത്തെ ആവശ്യം. അത് കൂടി നിലവില്‍ വന്നാല്‍ കേരളത്തില്‍ ഒരു കെ- റെയിലിന്റെയും ആവശ്യമില്ല.

പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലില്‍ നിന്നുള്ള മാലിന്യം ഒരു പ്രദേശത്തെ ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ഷിബു ബേബിജോണ്‍ മുന്‍കൈയെടുത്ത് 125 കോടി രൂപ മാലിന്യനിര്‍മ്മാര്‍ജനത്തിന് വേണ്ടി അനുവദിച്ചു. എന്നാല്‍ ഏഴ് വര്‍ഷമായിട്ടും സ്ഥലം ഏറ്റെടുക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറായില്ല.

150 ഏക്കറോളം സ്ഥലത്ത് ജനങ്ങള്‍ക്ക് ജീവിക്കാനാകാത്ത അവസ്ഥയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും ശ്രദ്ധയിപ്പെടുത്തും. വിഷയം യു.ഡി.എഫ് ഏറ്റെടുക്കുകയാണ്. പരിഹാരം ഉണ്ടാകുന്നത് വരെ ജനങ്ങള്‍ക്കൊപ്പം യു.ഡി.എഫ് ഉണ്ടാകും. രാഷ്ട്രീയം കലര്‍ത്താതെ പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.


Tags:    
News Summary - VD Satheesan said that K Rail will not be allowed even if central permission is obtained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.