പച്ചക്ക്​ വർഗീയത പറഞ്ഞവർക്കെതിരെ​ നടപടിയെടുക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ്​ പൊലീസ്​ -വി.ഡി സതീശൻ

തിരുവനന്തപുരം: രണ്ട്​ സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വഷളാക്കാന്‍ സംഘ്​പരിവാര്‍ ശ്രമിക്കുമ്പോള്‍ വിഷയം നീണ്ടുപോകട്ടെയെന്ന ആഗ്രഹത്തിലാണ് സര്‍ക്കാറും സി.പി.എമ്മുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്ന്​ പാലാ ബിഷപ്പിനെ കണ്ടശേഷം മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിട്ടും വാസവന്‍ അടച്ച അധ്യായം മുഖ്യമന്ത്രി തുറക്കുകയായിരുന്നു. അതില്‍ സി.പി.എമ്മിനും സര്‍ക്കാറിനും കള്ളക്കളിയുണ്ട്.

സമുദായ നേതാക്കളുടെ യോഗം വിളിച്ച് ഒരു മേശക്ക്​ ചുറ്റുമിരുത്തി ഒറ്റദിവസം കൊണ്ട് പ്രശ്‌നം അവസാനിപ്പിക്കാമായിരുന്നിട്ടും സര്‍ക്കാര്‍ അതു ചെയ്യുന്നില്ല. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാതെ മുഖ്യമന്ത്രി അനങ്ങാപ്പാറ നയമാണ്​ സ്വീകരിക്കുന്നത്​. വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രതിപക്ഷത്തി​േൻറത്. മതസൗഹാർദം തകർക്കുന്ന പരാമർശം ആര്​ നടത്തിയാലും ഞങ്ങൾ ചോദ്യംചെയ്യും. ഇക്കാര്യത്തിൽ ഞങ്ങൾക്ക്​ അഭിപ്രായം മാറ്റേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പത്ത് ദിവസം മുമ്പ്​ നടത്തിയ പ്രസ്താവന മുഖ്യമന്ത്രിക്ക് ആവര്‍ത്തിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. പ്രസ്താവന നടത്താനല്ല പ്രവര്‍ത്തിക്കാനാണ് മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനുള്ള അന്തരീക്ഷം പ്രതിപക്ഷം ഉണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാറിന് വേണമെങ്കില്‍ ആ സാഹചര്യം പ്രയോജനപ്പെടുത്താം.

മുഖ്യധാരാ രാഷ്​ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വർഗീയ പ്രചാരണം സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഒരാൾപോലും അറസ്​റ്റിലായിട്ടില്ല. ഇത്തരക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിക്ഷം നല്‍കിയ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - vd satheesan press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.