ന്യൂഡൽഹി: ഗ്രൂപ്പിന് അതീതമായി പാർട്ടി താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിർദേശം. പ്രതിപക്ഷ േനതാവായ ശേഷം ദേശീയ നേതാക്കളുമായി സൗഹൃദ കൂടിക്കാഴ്ചക്ക് ഡൽഹിയിലെത്തിയതായിരുന്നു സതീശൻ. ഐക്യത്തോടെ നിയമസഭയിലും പുറത്തും പാർട്ടിയെ നയിക്കാൻ രാഹുൽ നിർദേശിച്ചു.
സൗഹൃദ സന്ദർശനത്തിനപ്പുറം, പാർട്ടി കാര്യങ്ങളൊന്നും ചർച്ചയായില്ലെന്ന് വി.ഡി. സതീശൻ പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അത്തരമൊരു ദൗത്യം തെൻറ യാത്രക്ക് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ ഗ്രൂപ് ഒരു യാഥാർഥ്യമാണ്. അത് ഇല്ലാതാക്കാനല്ല ശ്രമം. അതേസമയം, ഗ്രൂപ്പുകൾ പാർട്ടിയെ വിഴുങ്ങുന്ന വിധം അതിപ്രസരം ഉണ്ടാകാൻ പാടില്ല.
രാഹുൽ ഗാന്ധിക്കു പുറമെ എ.കെ. ആൻറണി, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, മുകുൾ വാസ്നിക് എന്നിവരുമായി ചർച്ച നടത്തി വി.ഡി. സതീശൻ നാട്ടിലേക്ക് മടങ്ങി. കെ.പി.സി.സി പുനഃസംഘടന, യു.ഡി.എഫ് കൺവീനർ കാര്യങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്ച കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം നടക്കാനിരിക്കേ, കൂടിക്കാഴ്ചകളിൽ അക്കാര്യങ്ങളിൽ അനൗപചാരിക ചർച്ച നടന്നു. രാഹുൽ ഗാന്ധി താൽപര്യപ്പെട്ട പ്രകാരം മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി വ്യാഴാഴ്ച ഡൽഹിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.