വി.ഡി. സതീശൻ

‘ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ ബിനാമി?, സര്‍ക്കാറിനും ദേവസ്വത്തിനും എന്ത് ബന്ധം?’; ദ്വാരപാലകശില്‍പ വിവാദത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലകശില്‍പ വിവാദത്തിൽ സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ശ നേതാവ് വി.ഡി. സതീശൻ. കേരളാ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത മോഷണമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമലയില്‍ നടത്തിയത്. സ്‌പോണ്‍സര്‍ മാത്രമായ ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ ബെനാമിയെന്നും സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും എന്താണ് ബന്ധമെന്നും സതീശൻ ചോദിച്ചു. സ്വര്‍ണപീഠം സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയിട്ടും അയാളെ പ്രതിയാക്കാത്തത് എന്ത് കൊണ്ടാണ്. ദേവസ്വം ബോര്‍ഡും ആരോപണ നിഴലിലാണ്. സമഗ്രഅന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ശബരിമല ദ്വാരപാലക ശില്‍പത്തില്‍ പതിച്ചിരുന്ന നാല് കിലോ സ്വര്‍ണം അടിച്ചുമാറ്റിയ സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ് അയ്യപ്പ സംഗമം നടത്തി കേരളത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ശബരിമല ക്ഷേത്രം കേന്ദ്രീകരിച്ച് എല്‍.ഡി.എഫ് ഗൂഢസംഘം കാലങ്ങളായി നടത്തുന്ന അഴിമതിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നടയ്ക്കുവെക്കുന്ന അമൂല്യ വസ്തുക്കളുടെ തൂക്കം കണക്കാക്കി മഹസര്‍ തയാറാക്കി സ്‌ട്രോങ് റൂമിലേക്ക് മാറ്റണമെന്ന നിബന്ധന അട്ടിമറിച്ചാണ് സ്വര്‍ണം പതിച്ച ദ്വാരപാലക ശില്‍പങ്ങള്‍ ചെന്നൈയിലേക്ക് കടത്തിയത്.

ട്രാവന്‍കൂര്‍ ഹിന്ദു റിലീജിയസ് ആക്ടിലെയും ദേവസ്വം സബ്ഗ്രൂപ്പ് മാനുവലിലെയും വ്യവസ്ഥകള്‍ അനുസരിച്ച് ക്ഷേത്രത്തിലെ സാമഗ്രികള്‍ അറ്റകുറ്റപ്പണി നടത്തേണ്ടത് ക്ഷേത്ര കോമ്പൗണ്ടിനുള്ളിലാണ്. ഇതിനു വിരുദ്ധമായാണ് 2019ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ദേവസ്വം ബോര്‍ഡ് ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിട്ടത്. നിലവിലെ ദേവസ്വം ബോര്‍ഡും നിയമവിരുദ്ധമായാണ് ദ്വാരപാലക ശില്‍പങ്ങള്‍ വീണ്ടും അതേ സ്‌പോണ്‍സര്‍ വഴി ചെന്നൈയിലേക്ക് കടത്തിയത്.

1999ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങള്‍ 2019 വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത് എന്തിനാണ്? ഇതിന് പുറമെയാണ് 2025ലും ദ്വാരപാലക ശില്‍പങ്ങള്‍ ചെന്നൈയിലേക്ക് കടത്തിയത്. സര്‍ക്കാരും ദേവസ്വം വകുപ്പും ദേവസ്വം ബോര്‍ഡും അറിയാതെ ഈ നിയമലംഘനങ്ങള്‍ നടക്കില്ലെന്ന് ഉറപ്പ്. സ്‌പോണ്‍സര്‍ മാത്രമായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും എന്ത് ബന്ധമാണുള്ളത്? ഇയാള്‍ ആരുടെ ബിനാമിയാണ്? സ്വര്‍ണപീഠം സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയെന്ന് പറയുമ്പോഴും അയാളെ പ്രതിയാക്കാത്തത് എന്തു കൊണ്ടാണ്? ദ്വാരപാലക ശില്‍പത്തില്‍ നിന്നും എത്ര കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്?

ശബരിമലയുമായി ബന്ധപ്പെട്ട കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തു വരുമെന്ന ഭയപ്പാടിലാണ് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. മറ്റു വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പോലെ കഴിഞ്ഞ ഒമ്പതര വര്‍ഷം കൊണ്ട് ദേവസ്വം ബോര്‍ഡിനെയും അഴിമതിക്കു വേണ്ടി എ.കെ.ജി സെന്ററിന്റെ ഡിപ്പാര്‍ട്ട്‌മെന്റാക്കി പിണറായി സര്‍ക്കാര്‍ മാറ്റിയെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - VD Satheesan demands a thorough investigation into the Sabarimala Dwarapalaka sculpture controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.