കൽപറ്റ: 1977 മുതല്‍ 2019 വരെ ജമാഅത്തെ ഇസ്‍ലാമി എല്‍.ഡി.എഫിനൊപ്പമായിരുന്നുവെന്നും 2006 മുതല്‍ 2011 വരെ നിരവധി സര്‍ക്കാര്‍ കമ്മിറ്റികളിൽ അവരുടെ നേതാക്കളുണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൽപറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‍ലാമിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹവും ജമാഅത്തെ ഇസ്‍ലാമി അമീറും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രം വാര്‍ത്തസമ്മേളനത്തില്‍ വി.ഡി. സതീശൻ പുറത്തുവിട്ടത്.
സി.പി.എമ്മിനൊപ്പം നില്‍ക്കുമ്പോള്‍ ജമാഅത്തെ ഇസ്‍ലാമി മതേതരവും തങ്ങള്‍ക്കൊപ്പം വരുമ്പോള്‍ വര്‍ഗീയവുമാകുന്നത് എങ്ങനെയാണ്? മഅ്ദനിയെ പിടിച്ചുകൊടുത്തത് തങ്ങളാണെന്ന് പറഞ്ഞ് നായനാര്‍ സര്‍ക്കാര്‍ അഭിമാനിച്ചപ്പോഴാണ് അതേ മഅ്ദനിയെ കാത്ത് പിണറായി വിജയന്‍ ഒരു മണിക്കൂര്‍ ഇരുന്നത്. എസ്.ഡി.പി.ഐയുടെ പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്നവരാണ് സി.പി.എമ്മുകാര്‍. ജമാഅത്തെ ഇസ്‍ലാമി നേതാക്കളെ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വിവിധ കമ്മിറ്റികളില്‍ നിയമിച്ചതിന്റെ രേഖകള്‍ വേണമെങ്കിൽ ഹാജരാക്കാമെന്നും സതീശൻ പറഞ്ഞു.
ഡല്‍ഹിയില്‍ പോയി മോദിയുടെയും അമിത് ഷായുടെയും മുന്നില്‍ കുനിഞ്ഞുനില്‍ക്കലാണ് പിണറായി വിജയന്റെ പ്രധാന പരിപാടി. അവര്‍ എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒപ്പിടും. അങ്ങനെയാണ് സി.പി.എം പി.ബിയും മന്ത്രിസഭയും എല്‍.ഡി.എഫും അറിയാതെ പി.എം ശ്രീയില്‍ ഒപ്പിട്ടത്. ബി.ജെ.പിയുമായി ബന്ധപ്പെടാന്‍ മുഖ്യമന്ത്രിക്ക് കുറെ പാലങ്ങളുണ്ട്. അതില്‍ പുതിയ പാലമാണ് ഇപ്പോള്‍ രംഗപ്രവേശം ചെയ്ത ജോണ്‍ ബ്രിട്ടാസ്. ദേശീയപാത വ്യാപകമായി തകര്‍ന്നുവീണിട്ടും സംസ്ഥാന സര്‍ക്കാറിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉത്തരവാദിത്തം ഇല്ലെങ്കില്‍ എന്തിനാണ് ദേശീയപാത നിർമാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചത്? ഇത്രയുംകാലം പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയും ദേശീയപാതയില്‍ റീല്‍ ഇട്ട് നടക്കുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.