‘ദേശീയ പാത: ഒരു പണിയുമെടുക്കാതെ 1000 കോടിയിലേറെ ലാഭം, എന്നിട്ടും അന്വേഷണം ആവശ്യപ്പെടാതെ പിണറായി ബി.ജെ.പിക്ക് മുന്നില്‍ ഓഛാനിച്ച് നില്‍ക്കുന്നു’ -വി.ഡി സതീശന്‍

നിലമ്പൂര്‍: നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തില്‍ ആധികാരിക വിജയം നേടുമെന്നും 2026ല്‍ കേരളത്തില്‍ നൂറിലേറെ സീറ്റുമായി കൊടുങ്കാറ്റുപോലെ യു.ഡി.എഫ് തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ‘പിണറായി സര്‍ക്കാരിന്റെ നേട്ടമായി പറഞ്ഞ ദേശീയ പാത പലയിടത്തും തകര്‍ന്നു വീണു. ഒരു റീച്ചിന് 2000 കോടിക്ക് കരാറെടുത്ത മുഖ്യ കരാറുകാരന്‍ അത് 984 കോടിക്ക് മറിച്ച് നല്‍കുകയാണ്. ഒരു പണിയുമെടുക്കാതെ ആയിരം കോടിയിലേറെ രൂപയുടെ ലാഭം. വന്‍ അഴിമതിയും തട്ടിപ്പുമാണ് ദേശീയ പാത നിര്‍മ്മാണത്തിലുണ്ടായത്. എന്നിട്ടും ഒരന്വേഷണം പോലും ആവശ്യപ്പെടാതെ ബി.ജെ.പിക്ക് മുന്നില്‍ ഓഛാനിച്ച് നില്‍ക്കുകയാണ് പിണറായി വിജയൻ. കമിഴ്ന്ന് വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരിന്റെ ഭരണത്തിന് നിലമ്പൂരില്‍ അന്ത്യമാകും’ -യു.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ അദ്ദേഹം പറഞ്ഞു.

ഇടതുസര്‍ക്കാരിന്റെ 9 വര്‍ഷത്തെ ദുര്‍ഭരണത്തെ ജനം നിലമ്പൂരില്‍ വിചാരണ ചെയ്യും. വിഴിഞ്ഞം തുറമുഖവും ദേശീയപാതയുമാണ് പിണറായി സര്‍ക്കാരിന്റെ നേട്ടമായി വാഴ്ത്തുന്നത്. വിഴിഞ്ഞം പദ്ധതി നടപ്പാക്കിയത് ഉമ്മന്‍ചാണ്ടിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. പാരിസ്ഥിതിക അനുമതി നേടി, 700 കോടി ചെലവിട്ട് സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണോദ്ഘാടനം നടത്തിയത് ഉമ്മന്‍ചാണ്ടിയാണ്. അന്ന് 6000 കോടിയുടെ കടല്‍കൊള്ളയെന്നാണ് ദേശാഭിമാനി എഴുതിയത്. 2019 പൂര്‍ത്തിയാക്കേണ്ട പദ്ധതി 2025ലാണ് പിണറായി സര്‍ക്കാരിന് ഉദ്ഘാടനം ചെയ്യാനായത്. അന്ന് കടല്‍കൊള്ള എന്നെഴുതിയവര്‍ ഇന്ന് കടല്‍ വിപ്ലവം എന്ന് മാറ്റിപ്പറയുന്നു. ഓന്തിന്റെ പോലെ നിറം മാറുന്ന സര്‍ക്കാരാണിത്’ -സതീശൻ പറഞ്ഞു.

ചതിയെക്കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ ചതിപ്രയോഗത്തിലൂടെ പൂരം കലക്കി തൃശൂരില്‍ ബി.ജെ.പിയെ വിജയിപ്പിച്ച പിണറായി വിജയനാണെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പൂരം കലക്കി ചതിപ്രയോഗത്തിലൂടെയാണ് തന്നെ തോല്‍പ്പിച്ചതെന്ന് പറഞ്ഞത് പിണറായിയുടെ മന്ത്രിസഭയിലുണ്ടായിരുന്ന മുന്‍ മന്ത്രി തന്നെയാണ്. മലപ്പുറം ജില്ലക്കെതിരെ വലിയ ചതിപ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി. സ്വര്‍ണക്കടത്തിന്‍റെയും കള്ളപ്പണത്തിന്‍റെയും നാടെന്ന് പറഞ്ഞ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു. ആ ചതിപ്രയോഗം നടത്തിയത് മറക്കാനാവില്ല. സ്വാതന്ത്ര്യ സമരത്തിന് ഏറെ സംഭാവനകള്‍ ചെയ്ത മലപ്പുറത്തെ പാരമ്പര്യം കണക്കിലെടുക്കാതെയാണ് അപമാനിച്ചത്. നിലമ്പൂരിന്റെ വികസനത്തിനായി യു.ഡി.എഫ് ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

നിയോജകമണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ഇഖ്ബാല്‍ മുണ്ടേരി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്, എം.എം. ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, സി.പി. ജോണ്‍, മോന്‍സ് ജോസഫ്, എന്‍.കെ. പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, പി.എം.എ. സലാം, എം.പി. അബ്ദുസമദ് സമദാനി എം.പി, എം.കെ. മുനീര്‍, പി.വി. അബ്ദുല്‍വഹാബ് എം.പി, ജി. ദേവരാജന്‍, എം.കെ. മുനീര്‍, കെ.സി. ജോസഫ്, ബെന്നി ബെഹ്‌നാന്‍ എം.പി, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, ഷാഫി പറമ്പില്‍ എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി തുടങ്ങിയവര്‍ സംസാരിച്ചു. 

Tags:    
News Summary - vd satheesan against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.