തിരുവനന്തപുരം: 19 കേസിലെ പ്രതിയായ ക്രിമിനലിനെ കുട്ടിയെന്ന് പറഞ്ഞ് ഒക്കത്തിരുത്തുകയാണോ എന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ 40 കേസ് എണ്ണിപ്പറഞ്ഞ് 'നിങ്ങളിയാളെ തലയിൽ കൊണ്ടുനടക്കുകയാണോ' എന്ന് പ്രതിപക്ഷ നേതാവിന്‍റെ തിരിച്ചടി.
കഴിഞ്ഞ വർഷം എം.ജി സർവകലാശാല കാമ്പസിൽ എ.ഐ.എസ്.എഫിന്‍റെ വനിത നേതാവിനെ പിറകിൽനിന്ന് ചവിട്ടി നിലത്തിട്ട കേസിലെ പ്രതി മൂന്നു മാസം കഴിഞ്ഞപ്പോൾ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായെന്നും അദ്ദേഹത്തിന് 42 കേസുണ്ടായിരുന്നെന്നും വി.ഡി സതീശൻ പറഞ്ഞു. രണ്ടു കേസ് പെറ്റിയടച്ച് ഒഴിവായി. 40 കേസ് ഇപ്പോഴുണ്ട്. ഇതിൽ 16 എണ്ണം മാരകായുധങ്ങൾ ഉപയോഗിച്ച് മറ്റ് വിദ്യാർഥികളെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനാണ്. മൂന്നെണ്ണം വധശ്രമത്തിനും. ഒന്നു തട്ടിക്കൊണ്ടുപോകലിനുമാണ്. ഒരു പയ്യനെ തട്ടിക്കൊണ്ടുപോയി മഹാരാജാസ് ഹോസ്റ്റലിൽ രാത്രി പൂട്ടിയിട്ട് വെളുപ്പിന് വരെ അടിച്ചു. മറ്റൊന്ന് സ്ത്രീത്വത്തെ അപമാനിക്കലും. വക്കീലിന്‍റെ വീട് അർധരാത്രി ആക്രമിച്ചതിനാണു ഒരു കേസ്. നാലിൽ അധികം വാറന്‍റുമുണ്ട്. പിണറായി സർക്കാർ കാലത്ത് എടുത്ത കേസുകളാണിത്.
വിമാനത്തിൽ മുഖ്യമന്ത്രിക്കേ നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ 19 കേസുണ്ടെന്നത് മുഖ്യമന്ത്രിക്ക് കിട്ടിയ തെറ്റായ വിവരമാണ്. മഹാമാരിയുടെ കാലത്ത് ധർണ നടത്തിയതിന്‍റെ പേരിൽ പാൻഡമിക് ആക്ട് ലംഘനം ചുമത്തി എടുത്തതാണ് 12 കേസുകൾ. അത് 500 രൂപയും 1000 രൂപയും പെറ്റിയടച്ച് തീർപ്പായിയെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.