ന്യൂനപക്ഷ സ്കോളർഷിപ്: ഒരേ അഭിപ്രായമാണ് പറഞ്ഞത്, മാറ്റേണ്ട ആവശ്യമില്ല -വി.ഡി. സതീശൻ

തിരുവനന്തപുരം: ന്യൂനപക്ഷ സ്​കോളർഷിപ്​ വിഷയത്തിൽ ഒരേ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളതെന്നും അഭിപ്രായം മാറ്റേണ്ട ആവശ്യവുമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാസർകോടും കോട്ടയത്തും വെച്ച് മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ ഒരേ അഭിപ്രായമാണ് പറഞ്ഞത്. അഭിപ്രായം മാറ്റേണ്ട ആവശ്യമില്ല, മയപ്പെടുത്തേണ്ട കാര്യവുമില്ല. എന്നാല്‍ വസ്തുത മനസിലാക്കാതെ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ‍അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ തുടരണമെന്ന ഫോര്‍മുലയാണ് യു.ഡി.എഫ് നിർദ്ദേശിച്ചത്. മുസ്​ലിം സമുദായത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനു വേണ്ടിയുള്ള പ്രത്യേക സ്‌കീം ആയിരുന്നു സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവെച്ചത്. ഇതു നിലനിര്‍ത്തി മറ്റൊരു സ്‌കീം ഉണ്ടാക്കി മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നാണ് യു.ഡി.എഫ് ഫോര്‍മുലയിലെ ആവശ്യം. നേരത്തെയുണ്ടായിരുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മുസ്ലീംകള്‍ക്കുള്ള പ്രത്യേക സ്‌കീം സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. ഈ പരാതിയാണ് ലീഗും ഉന്നയിക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നു തന്നെയാണ് കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടത്.

നിലവിലെ സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിലൂടെ യു.ഡി.എഫ് മുന്നോട്ടു വച്ച ഫോര്‍മുല ഭാഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മുസ്​ലിംകള്‍ക്കു വേണ്ടിയുള്ള പ്രത്യേക സ്‌കീം നിലനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടും. വിഷയത്തിൽ കോൺഗ്രസും മുസ്​ലിം ലീഗും തമ്മിൽ ഒരു ഭിന്നതയുമില്ല. ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. യു.ഡി.എഫിനും ഒരേ നിലപാടാണെന്ന് വിശദീകരിച്ച വി.ഡി സതീശൻ, എൽ.ഡി.എഫിലാണ് ഇക്കാര്യത്തിൽ ഭിന്നതയുള്ളതെന്നും കുറ്റപ്പെടുത്തി.

Tags:    
News Summary - VD Satheesan about minority scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.