തിരുവനന്തപുരം: മാസങ്ങൾ നീണ്ട ഭരണ പ്രതിസന്ധിക്കൊടുവിൽ കേരള, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർമാരും സിൻഡിക്കേറ്റും തമ്മിൽ സമവായം. കേരള സർവകലാശാലയിൽ വി.സി മോഹനൻ കുന്നുമ്മൽ നിയമിച്ച താൽക്കാലിക രജിസ്ട്രാർ ഡോ. മിനി കാപ്പനെ ചുമതലയിൽ നിന്ന് മാറ്റാനും ജോ. രജിസ്ട്രാർ ആർ. രശ്മിക്ക് രജിസ്ട്രാറുടെ ചുമതല നൽകാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. രജിസ്ട്രാർ ഡോ. കെ.എസ് അനിൽകുമാറിന്റെ സസ്പെൻഷൻ കേസ് ഹൈകോടതി വിധി പറയാൻ മാറ്റിവെച്ചതിനാൽ ഇക്കാര്യത്തിൽ മറ്റ് തീരുമാനങ്ങൾ സാധിക്കില്ലെന്ന് വി.സി നിലപാടെടുത്തപ്പോൾ സിൻഡിക്കേറ്റംഗങ്ങൾ എതിർത്തില്ല. ‘കേരള’യിൽ ചൊവ്വാഴ്ച സിൻഡിക്കേറ്റ് യോഗം ആരംഭിച്ചപ്പോൾ തന്നെ രജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പനെ ഇരുത്തി യോഗം നടത്താനാകില്ലെന്ന് ഇടതുസിൻഡിക്കേറ്റംഗങ്ങൾ നിലപാടെടുത്തു.
മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയ വി.സിയുടെ നടപടി അംഗീകാരത്തിന് വന്നപ്പോഴാണ് തീരുമാനം അംഗീകരിക്കുന്നില്ലെന്ന് ഭൂരിപക്ഷം നിലപാടെടുത്തത്. എതിർപ്പുയർത്തിയെങ്കിലും അംഗീകരിക്കാൻ വി.സി നിർബന്ധിതനായി. ചേർന്ന യോഗത്തിൽ മിനി കാപ്പൻ തുടരട്ടെയെന്നും അതിന് ശേഷം പുതിയ രജിസ്ട്രാറെ നിയമിക്കാമെന്നുമുള്ള നിലപാട് വി.സി മുന്നോട്ടുവെച്ചു. ഇത് സിൻഡിക്കേറ്റംഗങ്ങൾ അംഗീകരിച്ചു.
ഇതോടെയാണ് പകരം രജിസ്ട്രാർ സ്ഥാനത്തേക്ക് കാര്യവട്ടം കാമ്പസിലെ കാമ്പസ് അഡ്മിനിസ്ട്രേഷൻ ജോ. രജിസ്ട്രാർ ആർ. രശ്മിക്ക് രജിസ്ട്രാറുടെ ചുമതല നൽകാൻ തീരുമാനിച്ചത്. എന്നാൽ, ഏഴ് ജോയന്റ് രജിസ്ട്രാർമാരിൽ ഏറ്റവും ജൂനിയറായ രശ്മിക്ക് ചുമതല നൽകിയതിൽ ജീവനക്കാരുടെ സംഘടനകൾക്കിടയിൽ അതൃപ്തിയുണ്ട്. സർവകലാശാലകളിൽ രൂപപ്പെട്ട പ്രതിസന്ധി തീർക്കാനുള്ള നിലപാട് സ്വീകരിക്കണമെന്ന് സി.പി.എം ഇടതുസിൻഡിക്കേറ്റംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. യോഗം ബഹിഷ്കരിച്ച് ക്വാറം തികയാത്ത സാഹചര്യം സൃഷ്ടിക്കാൻ ആദ്യം ആലോചിച്ചെങ്കിലും ഇത് പ്രതിസന്ധി കടുപ്പിക്കുമെന്ന് വിലയിരുത്തലുണ്ടായി.
അനിൽകുമാറിന്റെ ഹർജിയിൽ തീരുമാനം വരുംവരെ അവധി അനുവദിക്കണമെന്ന നിർദേശം വി.സി അംഗീകരിച്ചില്ല. സസ്പെൻഷനിലുള്ളയാൾക്ക് അവധി അനുവദിക്കാൻ വ്യവസ്ഥയില്ലെന്നായിരുന്നു വി.സിയുടെ നിലപാട്. സിൻഡിക്കേറ്റ് തീരുമാനത്തിന് പിന്നാലെ ആർ. രശ്മി രജിസ്ട്രാറുടെ ചുമതല ഏറ്റെടുത്തു. നേരത്തെ വി.സി ഇറങ്ങിപ്പോയ യോഗത്തിൽ അനിൽകുമാറിനെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റംഗങ്ങൾ തീരുമാനിച്ചതിനും അനിൽകുമാർ തിരികെ ഓഫിസിൽ വന്നതിനും നിയമപ്രാബല്യമില്ലെന്ന വി.സിയുടെ നിലപാട് ഇടതുസിൻഡിക്കേറ്റംഗങ്ങൾ അംഗീകരിച്ചതിന് തുല്യമായി ഇന്നലത്തെ യോഗനടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.