രജിസ്ട്രാർ കെ.എസ് അനിൽകുമാർ, വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം പ്രദർശിപ്പിച്ചതിനെ തുടർന്ന് തുടങ്ങിയ വിവാദം വിസി-രജിസ്ട്രാർ നേർക്കുനേർ പോരിലേക്ക് നീങ്ങി. ഏറ്റുമുട്ടലുകൾക്കിടെ രജിസ്ട്രാർ കെ.എസ് അനിൽകുമാർ അനിശ്ചിതകാല അവധി അപേക്ഷ നൽകി. എന്നാൽ, സസ്പെൻഷനിലുള്ളയാൾ നൽകിയ അവധി അപേക്ഷക്ക് എന്ത് പ്രസക്തിയെന്ന ചോദ്യമാണ് വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ മറുപടിയായി നൽകിയത്.
ആരോഗ്യപരമായ കാരണങ്ങളാൽ ഡോക്ടറുടെ നിർദേശ പ്രകാരം ജൂൺ ഒൻപത് മുതൽ കുറച്ച് നാളെത്തേക്ക് അവധി വേണമെന്നാണ് രജിസ്ട്രാർ വി.സി മെയിൽ അയച്ചത്. തന്റെ അഭാവത്തിൽ പകരം ചുമതല പരീക്ഷ കൺട്രോളർക്കോ കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാർക്കോ നൽകണെന്നും അപേക്ഷയിലുണ്ട്. എന്നാൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥൻറെ അവധി അപേക്ഷക്ക് പ്രസക്തിയില്ലെന്ന് കാണിച്ച് വി.സി മറുപടി നൽകിയതോടെ പോര് പുതിയ തലത്തിലേക്ക് നീങ്ങുകയായിരുന്നു.
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്ഥാപിച്ച പരിപാടിയെ തുടർന്നാണ് കേരളയിൽ നിലവിലെ സംഭവവികാസങ്ങൾക്ക് തുടക്കമായത്. ഭാരതാംബ ചിത്രം സ്ഥാപിച്ചതിനെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന ഗവർണർ പങ്കെടുക്കുന്ന പരിപാടി രജിസ്ട്രാർ കെ.എസ്. അനില്‍കുമാർ റദ്ദാക്കിയിരുന്നു. എന്നാൽ, ഈ നടപടിയെ തുടർന്ന് സിൻഡിക്കേറ്റിന്റെ അധികാരമുപയോഗിച്ച് വി.സി മോഹനൻ കുന്നുമ്മൽ രജിസ്ട്രാർ കെ.എസ്. അനില്‍കുമാറിനെ സസ്പെൻഡ് ചെയ്തു. പിന്നാലെ, വി.സി മോഹനൻ കുന്നുമ്മൽ വിദേശ സന്ദർശനത്തിന് പോകുകയും പകരം ചുമതല ഡിജിറ്റൽ യൂനിവേഴ്സിറ്റി വി.സി ഡോ. സിസ തോമസിന് നൽകുകയുമായിരുന്നു.
തുടർന്ന് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ചേർന്ന് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി. എന്നാൽ, സിൻഡിക്കേറ്റിന്റെ നടപടി വിസി ചുമതലയിലുണ്ടായിരുന്ന സിസ തോമസ് അംഗീകരിച്ചിരുന്നില്ല. വി.സി സസ്പെൻഡ് ചെയ്ത രജിസ്ട്രാർക്ക് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
ഇന്ന് സിസ തോമസിന് പകരം വിസി സ്ഥാനത്ത് മോഹൻ കുന്നുമ്മൽ അവധി കഴിഞ്ഞ് തിരിച്ചെത്തി. അതിന് പിന്നാലെയായിരുന്നു കെ.എസ് അനിൽകുമാറിൻറെ അവധി അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.