പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കില്ല, സംസ്ഥാന സർക്കാർ പ്രതിനിധിക്കൊഴികെ മറ്റംഗങ്ങൾക്ക് എതിർപ്പ്

തിരുവനന്തപുരം: അമൂല്യമായ നിധി ശേഖരം സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി നിലവറ' തുറക്കില്ല. സുപ്രീംകോടതി നിർദേശിച്ച തരത്തിലുള്ള അഞ്ചംഗ ഭരണസമിതിക്കാണ് ക്ഷേത്രത്തിന്റെ ഭരണം. ക്ഷേത്രതന്ത്രി ഉൾപ്പെടെ അഞ്ച് അംഗങ്ങളുള്ള ഭരണസമിതിയിൽ സംസ്‌ഥാന സർക്കാരിന്‍റെ പ്രതിനിധി മാത്രമാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.

മറ്റ് അം​ഗങ്ങൾക്ക് ബി നിലവറ എന്നറിയപ്പെടുന്ന ഭരതകോൺ നിലവറ തുറക്കുന്നതിനോട് യോജിപ്പില്ലെന്നാണ് സൂചന. നിലവറ തുറക്കണമെങ്കിൽ ഉപദേശകസമിതിയും ഭരണസമിതിയും ചേർന്ന് തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. സമിതിയുടെ ചെയർമാൻ അഡീഷണൽ ജില്ലാ ജഡ്ജി കെ.പി.അനിൽകുമാറാണ്. തിരുവിതാകൂർ രാജകുടുംബാംഗം പ്രതിനിധി ആദിത്യവർമ്മ, കേന്ദ്രസർക്കാർ പ്രതിനിധി കരമന ജയൻ, സംസ്ഥാന സർക്കാർ പ്രതിനിധി വേലപ്പൻ നായർ, തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരി എന്നിവരാണ് മറ്റംഗങ്ങൾ.

ബി നിലവറ തുറക്കാൻ ശ്രമിച്ചാൽ ഭക്തരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിർപ്പുണ്ടാകുമെന്നാണ് വാദം. ഇപ്പോൾ തന്നെ വിവിധ ഭക്തജന സംഘടനകൾ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരവുമായി ബന്ധപ്പെട്ടതാണ് നിലവറയെന്നും ഇത് തുറക്കുന്നത് ആചാരവിരുദ്ധമാണെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ എല്ലാ നിലവറകളും തുറന്നു പരിശോധിക്കാൻ സുപ്രീംകോടതി നിർദേശിച്ചതിനെത്തുടർന്ന് 2011ൽ എ നിലവറ ഉൾപ്പെടെ തുറന്ന് കണക്കെടുപ്പ് നടത്തിയിരുന്നു. പക്ഷെ, ബി നിലവറ തുറക്കുന്നതിൽ രാജകുടുംബം എതിർപ്പ് അറിയിച്ചു. ഇതിനു പിന്നാലെയാണ് തീരുമാനം ഉപദേശകസമിതിക്കും ഭരണ സമിതിക്കും വിട്ടത്.

Tags:    
News Summary - Vault B of Padmanabha Swamy Temple will not be opened, except for the state government representative, other members oppose it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.