തീപിടിത്തമുണ്ടായ വീട്​

വർക്കലയിലെ തീപിടിത്തം: ഞെട്ടൽ മാറാതെ നാട്ടുകാർ, മരണകാരണം പുക ശ്വസിച്ച്​

വർക്കല (തിരുവനന്തപുരം): ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചതിന്‍റെ ഞെട്ടലിലാണ്​ നാട്ടുകാർ. വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ (62), ഭാര്യ ഷെർലി (53), ഇവരുടെ മകൻ അഹിൽ (25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി (24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മൂത്ത മകൻ നിഹുലിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർപോർച്ചിൽ തീളി ആളിക്കത്തുന്നത് കണ്ട അയൽവാസിയായ കെ. ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടർന്നു പിടിച്ചിരുന്നു. കാർപോർച്ചിലുണ്ടായിരുന്ന നാല് ബൈക്കുകൾ കത്തി.

പുലർച്ചെ 1.40 ആയപ്പോൾ തീ കത്തുന്നതും പൊട്ടിത്തെറിയുടെ ശബ്ദം കേൾക്കുകയും ചെയ്തതോടെ അയൽവാസിയായ ശശാങ്കന്റെ മകൾ നിഹുലിനെ ഫോണിൽ വിളിച്ചിരുന്നു എന്ന് ആ കുട്ടി പറയുന്നു. നിഹുൽ ഫോൺ എടുത്ത് സംസാരിച്ചെങ്കിലും പുറത്തേക്ക് വന്നില്ല. കുറച്ചു സമയശേഷം നിഹുൽ പുറത്തേക്ക് വന്നെങ്കിലും മറ്റാരും പുറത്തേക്ക് എത്തിയില്ല.

തീ ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്സും പൊലീസും ചേർന്ന് ആണ് തീയണച്ചത്. തീ പടരുന്നതിനിടെ പൊള്ളലേറ്റ നിലയിൽ നിഹിൽ പുറത്തേക്ക് വന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇയാളെ വാഹനത്തിൽ ആശുപുത്രിയിലേക്ക് മാറ്റി.

നിലവിളിച്ച് ബഹളം ഉണ്ടാക്കിയിട്ടും വീട്ടിലുള്ള മറ്റുള്ളവർ ആരും പുറത്തിറങ്ങിയില്ല. എ.സി അടക്കം ഉപയോ​ഗിച്ചതിനാൽ മുറികൾ ലോക്ക് ആയതും പുക കയറി ബോധം പോയതുമാകാം പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാരെ എത്തിച്ചതെന്നാണ് നി​ഗമനം.

വീടിന്റെ ​ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിരുന്നതിനാൽ നാട്ടുകാർക്ക് ആദ്യം അകത്തേക്ക് പ്രവേശിക്കാനായില്ല. മാത്രവുമല്ല വളർത്തുനായ ഉള്ളതും നാട്ടുകാരുടെ രക്ഷാ പ്രവർത്തനം വൈകാനിടയായി.

ഫയർഫോഴ്സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്പോഴേക്കും അഞ്ചുപേരുടേയും മരണം സംഭവിച്ചിരുന്നു. ​ഗുരുതര പൊള്ളലേറ്റ നിഹുലിനെ ന​ഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വീടിന്‍റെ അകത്തുനിന്നാണ്​ തീപടർന്നത്​. തുടർന്ന്​ പുറത്തെ ബൈക്കുകളിലേക്കും തീ പടർന്നു. വീടിന്‍റെ ഉൾവശം പൂർണമായും കത്തിനശിച്ചു. ബാത്ത്​റൂമിൽനിന്നാണ്​ അഭിരാമിയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കണ്ടെത്തിയത്​. ഇളയമകൻ അഹിലിന്‍റെ മൃതദേഹം മുകളിലെ മറ്റൊരു മുറിയിലായിരുന്നു.

വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപൻ. ഇദ്ദേഹത്തിന്​ മൂന്ന് ആൺ മക്കളാണുള്ളത്. ഇതിൽ മൂത്ത മകൻ അഖിൽ വിദേശത്താണ്. മരണ വിവരം മൂത്ത മകനെ അറിയിച്ചിട്ടുണ്ട്.

മൂത്ത മകനും കുടുംബവും ഇന്ന് തന്നെ എത്തുമെന്നാണ് വിവരം. അതിനുശേഷമാകും സംസ്കാര ചടങ്ങുകൾ അടക്കം നടക്കുക. മരിച്ച അഹിലും ​ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തിൽ പങ്കാളികളായിരുന്നു

വൻ ദുരന്തം ഉണ്ടായതോടെ റൂറൽ എസ്.പി ദിവ്യ ​ഗോപിനാഥ് അടക്കം സംഭവ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. എ.സിയിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. എല്ലാ മുറികളിലും എ.സിയും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമോർട്ടവും നടത്തിയശേഷമാകും സംസ്കാരം.

​ഗുരുതര പൊള്ളലേറ്റ് ചികിൽസയിലുള്ള നിഹിലിൽനിന്ന് മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരികയുള്ളൂ. പച്ചക്കറി മൊത്ത വ്യാപാരം നടത്തുന്ന പ്രതാപനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാട്ടുകാർക്ക് നല്ലതേ പറയാനുള്ളു. എല്ലാവരേയും സഹായിക്കുന്ന ആളായിരുന്നു പ്രതാപനെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നും നാട്ടുകാർ പറയുന്നുണ്ട്. പിഞ്ചുകുഞ്ഞടക്കം വെന്തുമരിച്ച അതിദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അവർ ഇപ്പോഴും ആ ഭയത്തിൽ നിന്ന് മോചിതരായിട്ടില്ല.

അഞ്ച് പേർ മരിക്കാനിടയായത് പുക ശ്വസിച്ചത് മൂലമാകാമെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അറിയിച്ചു. പൊള്ളലേറ്റല്ല മരണം സംഭവിച്ചത്. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല. ബൈക്കിൽനിന്ന് തീ പടർന്നല്ല അപകടം ഉണ്ടായതെന്നും ഫയർഫോഴ്സ് ഓഫിസർ നൗഷാദ് പറഞ്ഞു.

Tags:    
News Summary - Varkala fire: Locals in shock, breathing in smoke causing death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.