കൊച്ചി: വരാപ്പുഴ പീഡനക്കേസിൽ മുഖ്യപ്രതി ശോഭ ജോൺ അടക്കം നാല് പ്രതികളെ വെറുതെവിട്ടു. തിരുവനന്തപുരം തിരുമല എം.എസ്.പി നഗര്‍ ബഥേല്‍ ഹൗസില്‍ ശോഭ ജോൺ (43), തിരുവനന്തപുരം ശാസ്തമംഗലം കാഞ്ഞിരമ്പാറ അരുതക്കുഴി തച്ചങ്കേരി വീട്ടില്‍ അനില്‍കുമാര്‍ എന്ന കേപ് അനി (39), പെൺകുട്ടിയുടെ മാതാപിതാക്കൾ എന്നിവരെയാണ് എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി പി. മോഹനകൃഷ്ണൻ വെറുതെവിട്ടത്.
2011 ജൂൺ 23ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽവെച്ച് പെൺകുട്ടിയുടെ മാതാവ് ശോഭ ജോണിൽനിന്ന് ഒരുലക്ഷം രൂപ വാങ്ങി മകളെ അനാശാസ്യ പ്രവർത്തനത്തിനായി നൽകിയെന്നാരോപിച്ചാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിതാവിെൻറ അറിവും സമ്മതവും ഇതിനുണ്ടായിരുന്നതായും പൊലീസ് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. മൂന്നാംപ്രതി അനില്‍കുമാര്‍ ശോഭ ജോണിെൻറ ഡ്രൈവറും സഹായിയുമായിരുന്നു. തുടർന്ന് ഒന്നാംപ്രതി മൂന്നാം പ്രതിയുടെ സഹായത്തോടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പെൺകുട്ടിയെ എത്തിച്ച് അനാശാസ്യ പ്രവർത്തനത്തിന് നൽകിയെന്നാണ് ആരോപണം.
2011 ആഗസ്റ്റ് നാലിന് ഒളനാടുള്ള വീട്ടിൽനിന്ന് പെൺകുട്ടിയെ മറ്റ് ചിലർക്കൊപ്പം അറസ്റ്റ് ചെയ്തതോടെയാണ് പീഡനവിവരം പുറംലോകം അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ അന്വേഷണസംഘം രജിസ്റ്റർ ചെയ്തിരുന്നു. ഏതാനും കേസുകളിൽ ശോഭ ജോൺ അടക്കമുള്ളവരെ കോടതി നേരത്തേ ശിക്ഷിച്ചിരുന്നു. ഈ കേസിൽ 2011ഡിസംബർ 21നാണ് അന്വേഷണസംഘം ആദ്യ കുറ്റപത്രം നൽകിയിരുന്നത്. വിചാരണ തുടങ്ങിയിരിക്കെ അന്വേഷണസംഘം തുടരന്വേഷണം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു. പ്രതികൾക്കെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിൽ വിചാരണയുമായി മുന്നോട്ടുപോവാൻ കോടതി തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.