പഞ്ചായത്തിലെ 23 അംഗങ്ങളും ഒന്നിച്ചെത്തി വണ്ടൂരിലെ വിവാദ ബാർ  പൂട്ടി

വണ്ടൂർ: കെട്ടിട നിയമ ലംഘനങ്ങളോടെ രണ്ട് വർഷത്തോളമായി പഞ്ചായത്തി​​​െൻറ ഡി ആൻഡ് ഒ ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്ന പുളിക്കലിലെ വിവാദ ത്രീ സ്​റ്റാർ ബാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അടച്ചുപൂട്ടി സീൽ ചെയ്തു. 

പുളിക്കലിൽ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുകയായിരുന്ന സിറ്റി പാലസ് റസിഡൻസി എന്ന ബാറാണ് പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും പൂട്ടിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഹൈകോടതി പുറപ്പെടുവിച്ച താൽക്കാലിക വിധിയുടെ പശ്ചാതലത്തിലാണ് പുതിയ നടപടി. 

2018 ആഗസ്​റ്റിൽ പ്രവർത്തനം തുടങ്ങിയ ബാർ പഞ്ചായത്ത് ലൈസൻസ് സമ്പാദിച്ചതിന് ശേഷം എല്ലാ നിബന്ധനകളും വ്യവസ്ഥകളും കാറ്റിൽ പറത്തിയാണ് പ്രവർത്തിച്ചുവന്നിരുന്നത്. ലൈസൻസിന് അപേക്ഷ സമർപ്പിച്ച സമയത്ത് ഉണ്ടായിരുന്ന 41 സ​​െൻറ് സ്ഥലത്തിൽ ആറ് സ​​െൻറ് മറ്റൊരു വ്യക്തിക്ക് കൈമാറ്റം ചെയ്തിരുന്നു. ഇക്കാരണത്താൽ പാർക്കിങ് സ്ഥലം ബിൽഡിങ് റൂൾ പ്രകാരം ഉണ്ടായിരുന്നില്ല. കൂടാതെ ബാർ ലൈസൻസ് നേടിയതിന് ശേഷം പ്രധാന കവാടം 2.9 മീറ്റർ മാത്രം വീതിയുള്ള ഇടുങ്ങിയ റോഡിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. തൊട്ടടുത്തുള്ള മുസ്​ലിം പള്ളിയിൽനിന്ന് 200 മീറ്റർ അകലം കിട്ടാനായിരുന്നു ഇത്. 

ഫയർ എൻജിൻ ഇതുവഴി കടന്നു പോകില്ലെന്ന് ഫയർ ഓഫിസർ കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. അനധികൃത കെട്ടിട നിർമാണത്തിന് സ്​റ്റോപ് മെമ്മോ നൽകിയിട്ടും ഉടമ നിർമാണ പ്രവൃത്തി തുടർന്നു. 2018 ഒക്ടോബർ എട്ടിനും കഴിഞ്ഞ ജൂൺ 25നും ചേർന്ന പഞ്ചായത്ത് പ്രത്യേക ഭരണസമിതി യോഗത്തിൽ സ്ഥാപനം അടച്ചുപൂട്ടാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. 

ബാർ വിരുദ്ധ ആക്ഷൻ കൗൺസിൽ നൽകിയ കേസിലാണ് പഞ്ചായത്തിന് നിയമ ലംഘനത്തിന് നടപടി കൈക്കൊള്ളാൻ കേസുകൾ തടസ്സമല്ലെന്ന് ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ വിധിച്ചത്. 
നിയമ ലംഘനങ്ങളുടെ കാരണത്താൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിന് കെട്ടിട ഉടമ ഇതുവരെ മറുപടി നൽകാത്തതിനാലാണ് ഭരണസമിതി നടപടി സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. 

എന്നാൽ, സെക്രട്ടറി നിയമ നടപടി സ്വീകരിക്കില്ലെന്ന ഉറച്ച നിലപാട് യോഗത്തിൽ അറിയിക്കുകയായിരുന്നു. ഇതേ സെക്രട്ടറി രണ്ട് പ്രാവശ്യം ഹൈകോടതിയിൽ നിയമ ലംഘനങ്ങളുടെ പരമ്പര തന്നെ ഈ ഹോട്ടലിൽ ഉണ്ടെന്ന് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഭരണസമിതി യോഗത്തിൽ പ്രസിഡൻറ് സ്ഥാപനം അടച്ചു പൂട്ടണമെന്ന ശക്തമായ നിലപാട് സ്വീകരിക്കുകയും അംഗങ്ങൾ ഒന്നടങ്കം പിന്തുണക്കുകയും ചെയ്തു. അവസാനം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പഞ്ചായത്ത് രാജ് നിയമം 156 പ്രകാരം പ്രസിഡൻറിൽ നിക്ഷിപ്തമായ അധികാരം ഉപയോഗപ്പെടുത്തി പ്രസിഡൻറ്​ കെ.കെ. സാജിദയുടെ നേതൃത്വത്തിൽ അംഗങ്ങൾ വന്ന് ബാർ പൂട്ടുകയായിരുന്നു. 

വൈസ് പ്രസിഡൻറ് മാളിയേക്കൽ രാമചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. ജംഷീർ ബാബു, തോപ്പിൽ കദീജ, എം. ധന്യ തുടങ്ങിയവർ നേതൃത്വം നൽകി. സ്ഥലത്ത് സി.ഐ സുനിൽ പുളിക്കലി​​​െൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശവാസികളെ നിയന്ത്രിക്കാനെത്തി. ബാർ വിരുദ്ധ ആക്ഷൻ കൗൺസിൽ പഞ്ചായത്ത് ഭരണസമിതിക്ക് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിച്ച് സന്തോഷം പങ്കിട്ടു.

Latest Video:

Full View
Tags:    
News Summary - vandoor panchayath locked the bar -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.