Representational Image
മലപ്പുറം: വന്ദേഭാരത് ട്രെയിനിന് ജില്ലയിൽ സ്റ്റോപ്പ് നിഷേധിച്ച കേന്ദ്രസർക്കാറിന്റെയും റെയിൽവേ അധികൃതരുടെയും നിലപാടിൽ ജില്ല പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയത്തിലൂടെ പ്രതിഷേധിച്ചു. കേന്ദ്രസർക്കാറും റെയിൽവേ വകുപ്പും തിരൂർ സ്റ്റേഷനോടും ജില്ലയോടും കാണിക്കുന്ന അനീതിയുടെ തുടർച്ചയാണ് സ്റ്റോപ്പ് നിഷേധിക്കുന്നതിലൂടെ നടത്തുന്നതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. നിഷേധാത്മക നിലപാട് തിരുത്തി തിരൂരിൽ അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
നിറമരുതൂർ ഡിവിഷൻ അംഗം വി.കെ.എം. ഷാഫി അവതരിപ്പിച്ച പ്രമേയം എടയൂർ ഡിവിഷൻ അംഗം എ.പി. സബാഹ് പിന്താങ്ങി. പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, അഡ്വ. പി.വി. മനാഫ്, എൻ.എ. കരീം, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ സറീന ഹസീബ്, ജമീല ആലിപ്പറ്റ, നസീബ അസീസ്, കെ.ടി. അഷറഫ്, പി.കെ.സി അബ്ദുറഹ്മാൻ, എ.പി. ഉണ്ണികൃഷ്ണൻ, ടി.പി.എം. ബഷീർ, അഡ്വ. പി.പി. മോഹൻദാസ്, ഫൈസൽ എടശ്ശേരി, ബഷിർ രണ്ടത്താണി, എ.കെ. സുബൈർ എന്നിവർ സംസാരിച്ചു.
താനൂർ: കേരളത്തിലേക്ക് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യവുമായി താനൂർ നഗരസഭയിൽ പ്രമേയം. ഏഴാം ഡിവിഷൻ കൗൺസിലർ റഷീദ് മോര്യയാണ് സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യമുയർത്തി നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം കൗൺസിൽ ഐകകണ്ഠ്യേന പാസാക്കി. പ്രമേയം റെയിൽവേ മന്ത്രാലയത്തിലേക്കും സംസ്ഥാന സർക്കാറിനും അയക്കും.
പത്താം ഡിവിഷൻ കൗൺസിലർ കെ. ജയപ്രകാശ് പ്രമേയത്തെ പിന്താങ്ങി. ചെയർമാൻ പി. പി. ഷംസുദ്ദീൻ കൗൺസിൽ യോഗത്തിൽ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സി.കെ.എം. ബഷീർ, കെ. ജയപ്രകാശ്, കെ.പി. അലി അക്ബർ, ജസ്ന ബാനു, കെ.പി. ഫാത്തിമ, കൗൺസിലർമാരായ മുസ്തഫ താനൂർ, എ.കെ. സുബൈർ, കുമാരി, വി.പി. ബഷീർ, നിസാം ഒട്ടുംപുറം, ആബിദ് വടക്കയിൽ, ദിബീഷ് ചിറക്കൽ, എം.പി. ഫൈസൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.