തിരുവനന്തപുരം: ഭരണഘടനയിൽ അധിഷ്ഠിതമാണ് ഇന്ത്യൻ ദേശീയതയെന്ന് ഗവർണർ മനസിലാക്കണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇന്ത്യൻ ദേശീയത ഒരു ഏക സാംസ്കാരിക പ്രതിച്ഛായയിലല്ല, മറിച്ച് നമ്മുടെ ഭരണഘടനയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുന്നതും ജനാധിപത്യപരവുമായ ദർശനത്തിലാണ് സ്ഥാപിതമായതെന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. സംഘപരിവാറിന്റെ ഭാരതാംബ സങ്കല്പം ഇന്ത്യ എന്ന രാജ്യത്തിന്റെ അതിർത്തികളെ അംഗീകരിക്കുന്നുണ്ടോ എന്ന് ഗവർണർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യ ഏതെങ്കിലും ഒരു ചിഹ്നത്തിനോ രൂപത്തിനോ പ്രതിച്ഛായയ്‌ക്കോ ചുറ്റും നിർമ്മിച്ച ഏകശിലാരൂപമല്ല. ബഹുസ്വരത, ഫെഡറൽ, മതേതര രാഷ്ട്രീയ സ്വത്വം ഉറപ്പിക്കാനുള്ള ബോധപൂർവമായ തീരുമാനത്തിൽ നിന്നാണ് നമ്മുടെ റിപബ്ലിക് പിറന്നത്. ഇന്ത്യൻ ദേശീയത ഭാഷകൾ, മതങ്ങൾ, പ്രദേശങ്ങൾ, സംസ്കാരങ്ങൾ തുടങ്ങി അതിന്റെ വൈവിധ്യത്തിൽ നിന്ന് ശക്തി പ്രാപിക്കുന്നു. ഇവയൊന്നും ഇടുങ്ങിയതോ ഏകീകൃതമോ ആയ ഒരു പ്രതിച്ഛായയ്ക്കുള്ളിൽ ഉൾപ്പെടുത്താൻ കഴിയില്ല.
ഇന്ത്യൻ ദേശസ്‌നേഹത്തിന്റെ ഏക പ്രതീകമായി കാവിക്കൊടി ഏന്തിയ വനിതാ ചിത്രത്തെ വിളിക്കുന്നത് ഈ അടിസ്ഥാന യാഥാർത്ഥ്യത്തെ അവഗണിക്കുന്നു. ഇന്ത്യ എന്ന ആശയം പുരാണങ്ങളിലോ ഭാവനകളിലോ അല്ല നിലനിൽക്കുന്നത്. അത് ജനങ്ങളുടെ പരമാധികാരത്തിലും നിയമവാഴ്ചയിലും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ഭരണഘടനാ ഉറപ്പുകളിലും ആണ് നിലനിൽക്കുന്നത്. ദേശസ്‌നേഹം ഒരൊറ്റ സാംസ്കാരിക വീക്ഷണകോണിലൂടെ മാത്രം നോക്കികാണണമെന്ന് സൂചിപ്പിക്കുന്നത് ലഘൂകരണം മാത്രമല്ല, നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ സമ്പന്നമായ ചരിത്രത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ദേശസ്‌നേഹം എന്നാൽ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, ഓരോ പൗരന്റെയും അന്തസ്സ് സംരക്ഷിക്കുക, നമ്മെ നിർവചിക്കുന്ന വൈവിധ്യത്തെ സംരക്ഷിക്കുക എന്നിവയാണ് എന്ന് ഗവർണർ ഓർക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ നടത്തിയ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടി മന്ത്രി ശിവൻകുട്ടി പ്രതിഷേധത്തിന്‍റെ ഭാഗമായി ബഹിഷ്കരിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് രാജ്ഭവനിൽ പരിപാടി നടന്നത്. പരിപാടിയിൽ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്കുതെളിയിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്കരിച്ചത്.
സർക്കാർ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം അനൗചിത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ചടങ്ങ് ബഹിഷ്‍കരിച്ചത്. രാജ്ഭവൻ രാഷ്ട്രീയ പാർട്ടികളുടെ കുടുംബസ്വത്ത് അല്ല. രാജ്ഭവനെ രാഷ്ട്രീയ പാർട്ടിയുടെ കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ല. താൻ ചെല്ലുമ്പോൾ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതാണ് കണ്ടത്. എന്നാൽ കാര്യപരിപാടിയിൽ പുഷ്പാർച്ചന ഇല്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ, രാജ്ഭവനിലെ പരിപാടികളിൽ നിന്ന് ഭാരതാംബയെ ഒഴിവാക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.