വിവാഹമോചനം ആവശ്യപ്പെട്ടത് കൊലപാതകത്തിലേക്ക് നയിച്ചു; സൂരജിന്‍റെ കുറ്റസമ്മതമൊഴി

കൊല്ലം: ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്‍റെ കുറ്റസമ്മതമൊഴി. വിവാഹമോചനം നടന്നാൽ ഉത്രയുടെ ആഭരണങ്ങളും പണവും കാറും എല്ലാ തിരികെ നൽകേണ്ടിവരുമെന്ന് സൂരജ് ഭയന്നിരുന്നു. ഉത്രയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നെന്നും സൂരജ് സമ്മതിച്ചിട്ടുണ്ട്. 

സൂരജും ഉത്രയും തമ്മിലുള്ള കലഹം രൂക്ഷമായതോടെ ഉത്രയെ കുടുംബം അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്ത്രീധനത്തുക മുഴുവൻ തിരികെ നൽ‌കേണ്ടി വരുമെന്നതിനാൽ സൂരജ് വിവാഹമോചനത്തിനു തയാറായില്ല. 96 പവൻ, 5 ലക്ഷം രൂപ, കാർ, പിതാവിനു നൽകിയ 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോ എന്നിവയും തിരികെ നൽകേണ്ടി വരുമെന്നായതോടെയാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനു സൂരജ് ശ്രമം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.

അതിനിടെ ഇന്ന് സൂരജിനെ അടൂർ പറക്കോട്ടുള്ള വീട്ടിലെത്തിച്ച് തെളിവെടുക്കും. സൂരജിന്‍റെ കുടുംബാംഗങ്ങൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ഉത്രയുടെ കുടുംബത്തിന്‍റെ ആരോപണം. ഈ പശ്ചാത്തലത്തിൽ സൂരജിന്‍റെ സഹോദരി ഉൾപ്പടെയുള്ള കുടുബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.  

ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ സൂരജിന്‍റെ വീട്ടിലും പാമ്പിനെ കൈമാറിയ എനാത്തും ഇന്നുതന്നെ പ്രതികളെയെത്തിക്കും. മാർച്ച് രണ്ടിന് അടൂരിലെ വീട്ടിൽ വെച്ച് അണലി പാമ്പിനെക്കൊണ്ടായിരുന്നു സൂരജ് ഉത്രയെ കടിപ്പിച്ചത്. 10000 രൂപക്ക് രണ്ടാംപ്രതി സുരേഷിന്‍റെ പക്കൽ നിന്നും വാങ്ങിയ പാമ്പിനെ കൊലപാതക ശ്രമത്തിന് ശേഷം എന്തുചെയ്തു എന്ന് പരിശോധിക്കുന്നതിനാണ് ഈ വീട്ടിലെ തെളിവെടുപ്പ്.

കൊലപാതകത്തിനുപയോഗിച്ച മൂർഖൻ പാമ്പിനെ 7000 രൂപക്ക് വാങ്ങിയത് പത്തനംതിട്ട ഏനാത്ത് വെച്ചായിരുന്നു. രണ്ടുപ്രതികളെയും ഇന്ന് ഈ സ്ഥലത്തും എത്തിക്കും.

Tags:    
News Summary - Uthra murder- seeking divorce is the reason for murder- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.