സൂരജിനെ തിരിഞ്ഞുകൊത്തി ഫോണും സുരേഷി​െൻറ മൊഴിയും; മൂർഖനെ തല്ലിക്കൊന്നതിനും കേസ്​

അഞ്ചൽ (കൊല്ലം): പാമ്പിനെ ആ‍‍യുധമാക്കി കേട്ടുകേൾവിയില്ലാത്ത കൊലപാതകം നടത്തിയ സൂരജ് കെട്ടിപ്പൊക്കിയ നുണക്കഥകൾ ഒന്നൊന്നായി തിരിഞ്ഞ് കൊത്താൻ കാരണം സ്വന്തം ഫോണും പാമ്പിനെ കൈമാറിയ സുരേഷി​​​െൻറ മൊഴിയും. കൊട്ടാരക്കര എസ്.പി ഓഫിസിലെ മൊഴിയെടുക്കലിനിടെ പലതവണ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ സൂരജ് ശ്രമിച്ചു. ഫോൺരേഖകൾ പരിശോധിച്ചതോടെയാണ് നിർണായക തെളിവുകൾ ലഭിച്ചത്. 

പരമാവധി സ്വത്തുക്കൾ ഉത്രയുടെ വീട്ടിൽനിന്ന് സ്വന്തമാക്കിയ സ്വകാര്യ ബാങ്ക് ജീവനക്കാരനായ സൂരജിന് പിന്നീട് ഭാര്യയെ ഒഴിവാക്കണമെന്നായി. വിവാഹമോചനക്കേസും മറ്റുമായാൽ സ്വത്ത് തിരികെ കൊടുക്കേണ്ടിവരുമെന്ന് ഇയാൾ ഭയന്നു. ഇതല്ലാതെ ഒഴിവാക്കാൻ കണ്ടെത്തിയ മാർഗമാണ് പാമ്പിനെകൊണ്ട് കൊത്തിച്ച് അപായപ്പെടുത്തുക എന്നത്. 

പാമ്പിനെ കൈകാര്യം ചെയ്യാൻ ഇഷ്്ടമുണ്ടായിരുന്ന സൂരജ് അതുകൊണ്ടുതന്നെ ആ വഴി തന്നെ തിരഞ്ഞെടുത്തു. ഇതിനായാണ് കല്ലുവാതുക്കലിലെ പാമ്പുപിടിത്തക്കാരനായ സുരേഷിനെ സമീപിക്കുന്നത്. സുരേഷിനെ ഇയാൾ പലതവണ ഫോൺ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് സംഘത്തിന് ഉത്രയുടെ വീട്ടുകാർ നൽകിയ മൊഴിയിൽ സൂരജിന് പാമ്പ് പിടിത്തക്കാരനുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ടായിരുന്നു. 

സൂരജി​​​െൻറ ഫോൺ രേഖകളും ഇത് സാധൂകരിച്ചു. ഇതോടെ സുരേഷിനെ കസ്​റ്റഡിയിലെടുത്തു. ഇവർ തമ്മിൽ നിരവധി തവണ ഫോൺ സംഭാഷണം നടന്നതായി കണ്ടെത്തി. ആദ്യം സുരേഷ് സമ്മതിച്ചില്ലെങ്കിലും തെളിവുകൾ നിരത്തിയതോടെ പാമ്പിനെ കൈമാറിയതായി സമ്മതിച്ചു. ഇതോടെ സൂരജ് പറഞ്ഞ മുറിയിലേക്ക് പാമ്പ് കയറിയ കഥകൾ പൊളിഞ്ഞു.

മൂന്ന് തവണയാണ് ഉത്രയെ വധിക്കാൻ ശ്രമം നടത്തിയതെന്ന് ഇയാൾ പറഞ്ഞു. ആദ്യം പാമ്പിനെ വീടിന് അകത്തുകൊണ്ടുവന്നിട്ടു. പാമ്പിനെ ഉത്ര കണ്ടതോടെ സൂരജ് അതിനെ പിടിച്ചുചാക്കിലാക്കി. ഫെബ്രുവരി 29ന് സുരേഷിൽനിന്ന് 5000 രൂപക്ക് അണലിയെ വാങ്ങി. മാർച്ച് രണ്ടിന് ഇതിനെകൊണ്ട് ഉത്രയെ കൊത്തിച്ചു. വേദനിച്ചപ്പോൾ ഗുളിക നൽകി. രാത്രി ബോധരഹിതയായപ്പോൾ ആശുപത്രിയിലെത്തിച്ചു. പക്ഷേ, മൂന്നാഴ്ചത്തെ ചികിത്സക്കിടെ ഉത്ര ജീവിതത്തിലേക്ക് തിരിച്ചെത്തി. തുടർന്നാണ് കുറച്ചുകൂടി ഉഗ്രവിഷമുള്ള മൂർഖനെ സുരേഷിൽനിന്ന് 10,000 രൂപകൊടുത്ത് വാങ്ങിയതും കൊലപാതകം നടത്തിയതും. 

കൊലപാതകത്തിനാണ് പാമ്പിനെ ഉപയോഗിക്കുന്നതെന്ന് സുരേഷിന് അറിയുമായിരുന്നോ എന്നതിൽ വ്യക്തതയില്ല. സൂരജിന് രണ്ട് തവണ പാമ്പിനെ കൈമാറിയതായി ആദ്യം ചോദ്യം ചെയ്യലിൽതന്നെ സുരേഷ് സമ്മതിച്ചു. ഇതോടെ സൂരജിന് അടിപതറി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊലപാതകശ്രമം ഒന്നൊന്നായി സൂരജ് പൊലീസിനോട് പറഞ്ഞു. 

അഞ്ച് മാസമായി സൂരജ് ഉത്രയെ അപായപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പാമ്പിനെ കൈകാര്യം ചെയ്യുന്നതുൾപ്പെടെ വീഡിയോകൾ ഇയാൾ യൂട്യൂബ് വഴി നിരന്തരം കണ്ടിരുന്നു. പരമാവധി സ്വത്തുക്കൾ കൈക്കലാക്കിയതോടെ ഉത്രയെ ഒഴിവാക്കാനുള്ള വഴികളായിരുന്നു സൂരജ് തേടിയിരുന്നത്. 

പാമ്പ് കടിയേറ്റ ഉത്ര അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നോ അതോ ശീതീകരിച്ച മുറിയിൽനിന്ന് ശബ്​ദം പുറത്തുവരാഞ്ഞതാണോ എന്നതെല്ലാം സംബന്ധിച്ച് കേസന്വേഷണം തുടരുകയാണ്. ദൃക്സാക്ഷികളിലില്ലാത്ത കേസിൽ പഴുതടച്ച അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിയത്. ഇരുവരെയും ആദ്യം മാറി മാറി ചോദ്യംചെയ്ത പൊലീസ് മൊഴിയിലെ വൈരുധ്യം വെച്ച് കൃത്യമായ വിവരങ്ങൾ ശേഖരിച്ചു. സൂരജി​​​​െൻറയും സുരേഷിന്റേയും ഫോൺ കാളുകളും ബാങ്ക് ഇടപാടുകളും പൊലീസ് നിരീക്ഷിച്ച് തെളിവെടുപ്പ് നടത്തി. 

ഉത്രയുടെ കുടുംബ വീട്ടിലെത്തിച്ച് തെളിവെടുത്തതും അതീവജാഗ്രതയോടെയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ആറരയോടെയാണ് സൂരജിനെയും കൊണ്ട് പൊലീസ് സംഘം എത്തിയത്. പ്രകോപനപരമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുന്നൊരുക്കങ്ങളും പൊലീസ് സ്വീകരിച്ചു. ഉത്രക്ക് പാമ്പുകടിയേറ്റ കിടപ്പുമുറിയിലെത്തി സൂരജിൽനിന്ന്​ കുറ്റകൃത്യം നടത്തിയതി​​​െൻറ വിവരം രേഖപ്പെടുത്തുകയും, പാമ്പിനെ കൊണ്ടുവന്ന പ്ലാസ്​റ്റിക് കുപ്പി വീടി​​​െൻറ പിന്നാമ്പുറത്തുനിന്നും കണ്ടെടുക്കുകയും ചെയ്തു. ഫോറൻസിക് വിദഗ്ദരും, സയൻറിഫിക് വിദഗ്ദരും വിരലടയാളമുൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു.

അതേസമയം, ഉത്രയെ കൊലപ്പെടുത്താൻ 10,000 രൂപക്ക് വാങ്ങിയ മൂർഖൻ പാമ്പിനെ കൃത്യം നടത്തിയശേഷം തല്ലിക്കൊന്നതിനും സൂരജിനെതിരെ കേസെടുത്തു. പാമ്പിനെ അനധികൃതമായി കൈവശം വച്ചതിനും തല്ലിക്കൊന്നതിനും വനംവന്യ ജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്. തല്ലിക്കൊന്ന് മറവുചെയ്ത മൂർഖ​​​െൻറ ജഡം ഉത്രയുടെ വീടി​​​െൻറ പരിസരത്തുനിന്ന്​ വനം, പൊലീസ്, ഫോറൻസിക്, മൃഗ സംരക്ഷണ വകുപ്പ്  അധികൃതരുടെ സാന്നിധ്യത്തിൽ പുറത്തെടുത്ത് പോസ്​റ്റുമോർട്ടം നടത്തി വീണ്ടും മറവ് ചെയ്തു. 

തെളിവെടുപ്പിനിടെ സൂരജാണ് പാമ്പിനെ കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്തത്. സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട ഇനമാണ് മൂർഖനെന്ന് അഞ്ചൽ ഫോറസ്​റ്റ് റേഞ്ച് ഓഫിസർ ബി.ആർ. ജയൻ അറിയിച്ചു. ഏഴു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Tags:    
News Summary - uthra death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.