തിരുവനന്തപുരം: അമേരിക്കയുടെ തീരുവയുദ്ധം രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും ധനസ്ഥിതിയെ കോവിഡിനെക്കാൾ ദോഷകരമായി ബാധിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിൽ ഗുരുതര പ്രത്യാഘാതമാണ് അത് സൃഷ്ടിക്കുക. ചെമ്മീൻ, കാർഷിക-മത്സ്യ വിഭവങ്ങൾ, ടെക്സ്റ്റൈൽസ്, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, കയർ എന്നിവയെല്ലാം വലിയതോതിൽ കേരളത്തിൽനിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ചൈന കഴിഞ്ഞാൽ കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുന്നത് കേരളത്തിൽനിന്നാണ്. മെഡിക്കൽ ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്.
ഈ മേഖലകളെയെല്ലാം പുതിയ തീരുവ പ്രഖ്യാപനം പ്രതികൂലമായി ബാധിക്കും. സേവനമേഖലയുമായി ബന്ധപ്പെട്ട തീരുവയുടെ കാര്യം ഇനിയും വ്യക്തമായിട്ടില്ല. അതും വരാം. സോഫ്റ്റ്വെയർ കയറ്റുമതിയെയും ബാധിച്ചേക്കും. ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് എത്രത്തോളം പോകുമെന്ന് കണ്ടറിയണം. ഇന്ത്യയുടെ താൽപര്യം സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട ഘട്ടത്തിൽ പ്രധാനമന്ത്രി പറഞ്ഞതിനെ മുഖവിലക്കെടുക്കുന്നെന്നും ബാലഗോപാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തൊഴിലാളികളുടെ കൂലി വെട്ടും
അമേരിക്കയിൽ ഇറക്കുമതി തീരുവ കൂടുന്നതോടെ സാധാരണ തൊഴിലാളികളുടെ കൂലിയും കർഷകന്റെ വരുമാനത്തിലുമാണ് വെട്ടിക്കുറവുണ്ടാവുക. ഇറക്കുമതി ചുങ്കം ഇനത്തിലെ നഷ്ടം നികത്താൻ ഉൽപാദനച്ചെലവിലാണ് ആദ്യം കമ്പനികൾ കൈവെക്കുക. സ്വഭാവികമായും കൂലി കുറയും.
കർഷകർ ഉൽപന്നങ്ങൾ കുറഞ്ഞ വിലക്ക് നൽകാൻ നിർബന്ധിതരാകും. ഇത് കർഷകരെയും അടിസ്ഥാന വിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കും.
നികുതി വരവിനും പ്രഹരം
അധികത്തീരുവ രാജ്യത്തെ നികുതി സംവിധാനത്തിനും പ്രഹരമേൽപ്പിക്കും. വിദേശത്തുനിന്ന് സാധനമെത്തിച്ച് വിൽക്കുന്നവർക്ക് അനുകൂലമായ സാഹചര്യമൊരുക്കാനാണ് സമ്മർദ്ദങ്ങൾ. പുകയില ഉൽപ്പന്നങ്ങൾ, ശീതള പാനീയങ്ങൾ, ഓട്ടോമൊബൈൽ എന്നിവക്ക് ഉയർന്ന നികുതിയാണിപ്പോൾ. ഇതിനൊക്കെ നികുതി കുറയ്ക്കണമെന്നതാണ് സമ്മർദ്ദം. ഇത് സംസ്ഥാനങ്ങളുടെ പൊതുവിലുമുള്ള നികുതി വരുമാനത്തെ കാര്യമായി ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.