കൊച്ചി: ലക്ഷദ്വീപിലേക്ക് ചരക്ക് കയറ്റിവന്ന ഉരു അപകടത്തിൽപെട്ട് തകർന്നു. മംഗലാപുരത്തുനിന്ന് കിൽത്താൻ ദ്വീപ് വഴി ചെത്ത് ലത്തിലേക്ക് എത്തിയ ഉരുവാണ് പാറയിൽ തട്ടി തകർന്നത്. ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്ന് ലക്ഷദ്വീപ് പോർട്ട് അധികൃതർ അറിയിച്ചു. കട്മത്ത് ദ്വീപ് സ്വദേശികളായ പി.പി. അബ്ദുൽ ഖാദർ, പി.പി. മുഹമ്മദ് ബഷീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള എം.എസ്.യു നൂർ അൽഖാദിരി ഉരുവാണ് അപകടത്തിൽപെട്ടത്.
ശനിയാഴ്ച രാത്രി 11.40നാണ് പോർട്ട് അധികൃതർക്ക് അപകടം സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഉരു കരക്കെത്തിക്കാനും ജീവനക്കാരെ സുരക്ഷിതരാക്കാനുമായി നാട്ടുകാരും രംഗത്തിറങ്ങി. ഉരു കരക്കെത്തിക്കാൻ പ്രയത്നം തുടരുകയാണ്.
ചെത്ത് ലത്ത് തീരത്തുനിന്ന് ഒരുകിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. എംസാൻഡ്, റേഷൻ സാമഗ്രികൾ എന്നിവയാണ് ഉരുവിലുണ്ടായിരുന്നത്. മോശം കാലാവസ്ഥ അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. രാത്രിസമയത്ത് ശക്തമായ കാറ്റുണ്ടായിരുന്നു. ഉരുവിന് വിള്ളൽ സംഭവിക്കുകയും അകത്തേക്ക് വെള്ളം കയറുകയും ചെയ്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.