ഉപ്പള കഞ്ചാവ് വിൽപ്പനയുടെ ഹബ്ബ് ആവുന്നു; കണ്ണടച്ച് സർക്കാർ

മഞ്ചേശ്വരം : കേരളത്തിലെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മാഫിയ സംഘം കഞ്ചാവ് മൊത്ത വിൽപ്പന കേന്ദ്രമായി പ്രധാനമായും ആശ്രയിക്കുന്നത് കേരള- കർണാടക അതിർത്തി പ്രദേശമായ ഉപ്പള എന്ന കൊച്ചു പട്ടണത്തെ.

നേരത്തെ കേരളത്തിലെ വിദ്യാലങ്ങളിലേക്കും മറ്റും കഞ്ചാവ് എത്തിച്ചിരുന്നത് ഇടുക്കിയിൽ നിന്നുമായിരുന്നു.സർക്കാർ നടപടികളും, ഉത്പാദനം നടത്തി ഇടനിലക്കാരും മറ്റും കമ്മീഷനും കൈപ്പറ്റി വലിക്കുന്ന ഉപഭോക്താവിന്റെ കയ്യിൽ എത്തുമ്പോൾ ഉണ്ടാകുന്ന വിലവർദ്ധന മൂലം ഇടുക്കി കഞ്ചാവിന് മാർക്കറ്റ് കുറഞ്ഞതോടെയാണ് ഉപ്പളയിലേക്ക് തിരിയാൻ കഞ്ചാവ് മാഫിയകളെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷമായി ഉപ്പളയിൽ നിന്നുമാണ് കേരളത്തിലെ പ്രധാന സ്ഥലങ്ങളിലേക്കും,ജില്ലകളിലേക്കും കഞ്ചാവ് വിതരണം ചെയ്യുന്നത്.ആന്ധ്രാ പ്രദേശിൽ നിന്നും തുച്ഛമായ വിലക്ക് ലഭിക്കുന്ന കഞ്ചാവ് ഉപ്പളയിൽ നിന്നും മൊത്തവിലയ്ക്ക് വാങ്ങി കൊണ്ട് പോകാൻ കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നും കാരിയര്മാർ ഉപ്പളയിൽ തമ്പടിച്ചു നിൽക്കുന്ന കാഴ്ച പതിവാണ്.

കുറഞ്ഞ വിലക്ക് കിട്ടുമെന്നത് തന്നെയാണ് കഞ്ചാവ് മൊത്തകച്ചവടക്കാരെ ആന്ധ്രാ പ്രദേശിലേക്ക് ആകർഷിക്കുന്നത്.2.300 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പായ്ക്ക് 6000 രൂപയ്ക്കാണ് ആന്ധ്രയിലെ നക്സൽ മേഖലകളിൽ നിന്നും ലഭിക്കുന്നത്.നക്സലൈറ്റുകളുടെ പ്രധാന വരുമാന മാർഗമാണ് ഇവിടെ കഞ്ചാവ് കൃഷി. പുറമേയുള്ളവർക്ക് പ്രവേശനമില്ലാത്ത ഉൾകാടുകളിൽ നിന്നും ഇടനിലക്കാർ വഴി എത്തിച്ചു കൊടുക്കുന്ന ഈ കഞ്ചാവ് 20,000 രൂപക്ക് ആണ് ഉപ്പളയിൽ എത്തിച്ചു ചില്ലറ വിൽപ്പനകാർക്ക് വിൽക്കുന്നത്.

ഒരു ട്രിപ്പിൽ 100 മുതൽ 150 കിലോ വരെയാണ് കടത്തുന്നത്.സംശയം തോന്നാതിരിക്കാൻ ആഡംബര കാറുകളിൽ രഹസ്യ അറകൾ നിർമ്മിച്ചാണ്‌ കഞ്ചാവ് കടത്തുന്നത്.മൂന്നു ദിവസത്തെ യാത്ര ഒറ്റുക്കാരുടെ തടസ്സമില്ലാതെ എത്തിയാൽ ഇവർക്ക് ലഭിക്കുന്നത് ലക്ഷങ്ങളാണ്.ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും ലക്ഷം രൂപ ഉണ്ടാക്കാൻ സാധിക്കുന്നതിനാൽ പലരും ഈ രംഗത്തേക്ക് എത്തുന്നത് നാൾക്കുനാൾ വർദ്ധിച്ചിരിക്കുകയാണ്.

ആന്ധ്രയിൽ നിന്നും എത്തിക്കുന്ന ഇതിനെ ചെറിയ പാക്കുകളിലാക്കി വിൽപ്പന നടത്തുന്ന ചെറുകിട കച്ചവടക്കാർക്ക് 40,000 മുതൽ 50,000 വരെ ലഭിക്കുന്നുണ്ട്.നേരെ ഇരട്ടി ലാഭം കൊയ്യാമെന്നതിനാൽ പലരും ഈ മേഖലകളിലേക്ക് ആകർശിക്കുന്നുണ്ട്.

സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ,അന്യ സംസ്ഥാന തൊഴിലാളികൾ,യുവാക്കൾ എന്നിവരാണ് ഇവരുടെ സ്ഥിരം ഉപഭോക്താക്കൾ. വിതരണക്കാർ കൂടുതൽ എത്തിയതോടെ ഈ രംഗത്തും കിടമത്സരം നടക്കുകയാണ്.ഇത് മൂലം ആവശ്യക്കാർക്ക് വേണ്ട സ്ഥലത്തേക്ക് എത്തിച്ചു കൊടുക്കുന്നതും,കടം നൽകുന്നതും പതിവായതിനാൽ കഞ്ചാവ് വിൽപനയും ഉപഭോഗവും ദൈനംദിനം ഗണ്യമായി വർദ്ധിക്കുകയാണ്.

കഞ്ചാവ് വിൽപ്പനയുടെ മൊത്തകേന്ദ്രം ആയിട്ടും ഇവർക്കെതിരെ ശക്തമായ നടപടി എടുക്കാൻ സർക്കാർ സംവിധാനങ്ങൾ ഇത് വരെ തയ്യാറായിട്ടില്ല.പല ഇടപാടുകളും നടക്കുന്ന വിവരം പൊലീസ്-നാർക്കോട്ടിക് സെൽ അധികൃതർക്ക് കൈമാറിയാലും നടപടി എടുക്കുന്നതിൽ ഈ വകുപ്പ് ഉദ്യോഗസ്ഥർ വിമുഖത കാണിക്കുന്നതായും ഈ രംഗത്തെ "ഇൻഫോമർമാർ" സാക്ഷ്യപ്പെടുത്തുന്നു.പേരിനെങ്കിലും നടപടി എടുക്കുന്നത് എക്സൈസ് വകുപ്പ് അധികൃതരാണെങ്കിലും തുടരന്വേഷണത്തിൽ ഇവർക്കും തടസ്സം പതിവാണ്.ഇവിടെ നടക്കുന്ന കഞ്ചാവ് വിൽപ്പനയുടെ നൂറിൽ ഒന്ന് മാത്രമാണ് എക്സൈസിന്റെ പിടിവീഴുന്നതും.

 

Tags:    
News Summary - uppala is drugs hub in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.