കുംഭമേളയിലെ തുഴച്ചിലുകാർ 30 കോടിയാണ് സമ്പാദിച്ചത്, യു.പിയുടെ ജി.ഡി.പിയോടൊപ്പം രാജ്യത്തിന്‍റെ ജി.ഡി.പിയും ഉയരുകയാണ് -സുരേഷ് ഗോപി

തിരുവനന്തപുരം: യു.പിയിലെ പ്രയാഗ് രാജിൽ നടന്ന കുംഭമേളയിൽ അവിടുത്തെ തുഴച്ചിലുകാർ 30 കോടിയാണ് സമ്പാദിച്ചതെന്നും യു.പിയുടെ ജി.ഡി.പിയോടൊപ്പം രാജ്യത്തിന്‍റെ ജി.ഡി.പിയും ഉയരുകയാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇതൊക്കെ മറ്റേത് സർക്കാറിന് കൊടുക്കാൻ പറ്റുമെന്നും അദ്ദേഹം ചോദിച്ചു. ആറ്റുകാൽ പൊങ്കാലക്കെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

'70 ദശലക്ഷം പൊങ്കാലയിടുന്നുവെന്നാണ് കണക്ക്. തിരുവനന്തപുരത്ത് മാത്രമല്ല, എല്ലാ ജില്ലയിലും അടുപ്പുകൾ ഉണ്ട്. ഞാൻ പറഞ്ഞാൽ അത് തള്ളായിപ്പോവും. അതുകൊണ്ട് നിങ്ങൾ തന്നെ പറ. എത്രകോടി ആളുകളാണ് മഹാകുംഭമേളയിൽ വന്നത്. എല്ലാവരും ഭക്തിപൂർവം, ആ ഗ്രഹനിലയിൽ, ത്രിവേണി സംഗമത്തിൽ, ഗംഗയിൽ ദിവ്യസ്നാനം നടത്തുകയാണ്. അതിന് വേണ്ടി വന്നതാണ് ആളുകൾ. അവർക്ക് 60 ദിവസം തികഞ്ഞില്ലെന്നാണ് പറയുന്നത്. വന്നവർക്ക് ഒരു ദിവസം 1000 രൂപയെങ്കിലും അവിടെ ചെലവാക്കാതെ പറ്റില്ല. അവിടുത്തെ തുഴച്ചിൽ നടത്തുന്നവർ എത്ര കോടിയാണ് സമ്പാദിച്ചത്? 30 കോടിയാണ് സമ്പാദിച്ചത്. ഇതൊക്കെ ഏത് സർക്കാറിന് കൊടുക്കാൻ പറ്റും. അങ്ങനെയൊരു ഭക്തസമൂഹം വന്ന് യു.പിയുടെ ജി.ഡി.പി ഉയർത്തിയിട്ടുണ്ടെങ്കിൽ അത് രാജ്യത്തിൻറെ ജി.ഡി.പിയിലേക്കാണ് വന്നുചേരുന്നത്. രാജ്യത്തെ വിവിധ മതക്കാർ, ആചാരക്കാർ എല്ലാം ആ ചോറുണ്ണാൻ പോവുകയാണ്. അതിനെ നിന്ദിക്കുന്നവർക്ക് അവരുടെ ഡി.എൻ.എയിൽ എങ്കിലും അൽപം ലജ്ജ വേണം' -സുരേഷ് ഗോപി പറഞ്ഞു.

പൊങ്കാലയും പ്രാർഥനയാണ്. എല്ലാവരും അവരവരുടെ നന്മയ്ക്ക് വേണ്ടി മാത്രമല്ല പ്രാർഥിക്കുന്നത്. പക്ഷേ മറ്റുള്ളവർക്ക് വേണ്ടി പ്രാർഥിക്കുമ്പോൾ നമ്മുടെ പ്രാർഥന പ്രാർഥിക്കാതെ തന്നെ സഫലീകരണമാകും. അതൊരു വലിയ സയൻസ് ആണ് -കേന്ദ്ര മന്ത്രി പറഞ്ഞു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കുംഭമേളയിൽ ഒരു ബോട്ടുടമയുടെ കുടുംബം 30 കോടി രൂപ ലാഭം നേടിയെന്ന് ആദ്യമായി അവകാശപ്പെട്ടത്. കുംഭമേളക്കിടെ പ്രയാഗ്‍രാജിലെ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്തെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തിന് മറുപടിയായാണ് നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്. 

Tags:    
News Summary - up boat driver family earn 30 cr from kumbh mela Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.