തിരുവനന്തപുരം: ഗർഭസ്ഥ ശിശുവിന് മൂന്ന് മാസമായപ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നിർദേശപ്രകാരം ഭ്രൂണഹത്യ നടത്തിയതെന്ന് അതിജീവിതയുടെ മൊഴി. അശാസ്ത്രീയമായ ഭ്രൂണഹത്യയെതുടർന്ന് ഗുരുതര രക്തസ്രാവം ഉണ്ടായി. പിന്നാലെ സവകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായും യുവതി മൊഴി നൽകി.
ഡോക്ടറുടെ മാര്‍ഗനിര്‍ദേശം ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ സുഹൃത്ത് ജോബി വഴി യുവതിക്ക് നൽകിയതത്രെ. ഏഴാഴ്ച വരെയുള്ള ഗർഭാവസ്ഥയിൽ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് നൽകിയത്. ട്യൂബല്‍ പ്രഗ്നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. മരുന്നുക.ിച്ചതിന് പിന്നാലെ ചികിത്സ തേടിയതിന്റെ മെഡിക്കല്‍ രേഖകളും യുവതി കൈമാറി. ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
വിവാഹ ബന്ധം ഒഴിഞ്ഞപ്പോൾ ആശ്വസിപ്പിക്കാനെത്തി പ്രലോഭിപ്പിക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. നഗ്ന ദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി വരുതിയിലാക്കിയെന്നും പരാതിയിൽ പറയുന്നു.
അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ, ഐ.ടി നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ രണ്ട് പ്രതികള്‍ ഉള്ളതിനാൽ പ്രതികള്‍ പരസ്പരം സഹായിച്ച് കുറ്റകൃത്യം നടത്തിയതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും എഫ്ഐ.ആറിലുണ്ട്. രണ്ടുതവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും രണ്ടു തവണ പാലക്കാട്ടെ രാഹുലിന്‍റെ ഫ്ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
2025 മാർച്ച് നാലിനാണ് രാഹുൽ യുവതിയെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവെച്ച് ആദ്യം ബലാത്സംഗം ചെയ്തത്. മാർച്ച് 17ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിലെത്തി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി വീണ്ടും ബലാത്സംഗം ചെയ്തു. മേയ് അവസാന ആഴ്ച രണ്ടു തവണ പാലക്കാട്ടെ ഫ്ലാറ്റിൽവെച്ചും ബലാത്സംഗം ചെയ്തു.
പത്തനംതിട്ടയിലെ സുഹൃത്ത് ജോബി ജോസഫ് വഴി മേയ് 30നാണ് ഗർഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ച് നൽകിയത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയമായിരുന്നു അത്. കൈമനത്ത് ജോബി ജോസഫിന്‍റെ കാറിൽവെച്ച് നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും പ്രചാരണത്തിലായിരുന്ന രാഹുൽ വിഡിയോ കോൾ വഴി യുവതി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
അതിനിടെ, ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ രാഹുൽ മാങ്കൂട്ടത്തില്‍ എം.എൽ.എ കോടതിയിൽ കൂടുതൽ തെളിവുകൾ ഹാജരാക്കി. യുവതി ഗർഭഛിദ്രംചെയ്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് വ്യക്തമാക്കുന്ന രേഖ തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം.
യുവതിയും ഭർത്താവും ഒരുമിച്ചുള്ള ചിത്രങ്ങൾ അടക്കം അധിക തെളിവുകൾ മുദ്രവെച്ച കവറിലാണ് രാഹുൽ കോടതിയിൽ സമർപ്പിച്ചത്. പീഡിപ്പിച്ചെന്ന് പറയുന്ന ദിവസങ്ങളിലും അതിന് ശേഷവും യുവതിയും ഭർത്താവും ഒരുമിച്ചുണ്ടായിരുന്നതിന്‍റേതാണ് ചിത്രങ്ങൾ. യുവതി ജോലി ചെയ്ത സ്ഥാപനത്തിലെ മേധാവി പരാതി കൊടുക്കാൻ നിർബന്ധിക്കുന്നതിന്‍റെ ഡിജിറ്റൽ തെളിവ് അടങ്ങുന്ന പെൻഡ്രൈവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
യുവതി പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഒളിവിൽ പോയെന്ന് വ്യാപക പ്രചാരണം നടന്നിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം അതീവരഹസ്യമായി തിരുവനന്തപുരത്തെ അഭിഭാഷകന്‍റെ ഓഫിസിൽ നേരിട്ടെത്തിയാണ് രാഹുൽ ഹരജിയിൽ ഒപ്പിട്ടതെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം വഞ്ചിയൂരിലെ ഓഫിസിലെത്തിയെന്നും ഒരു മണിക്കൂർ ഓഫിസിൽ ചെലവഴിച്ചെന്നും അഭിഭാഷകർ പറയുന്നു.
യുവതിയുമായി സൗഹൃദമുണ്ടായിരുന്നെന്നും പരാതിക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നും ബലാത്സംഗ കേസിൽ നൽകിയ മുൻകൂർജാമ്യ ഹരജിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. സി.പി.എമ്മും ബി.ജെ.പിയുമാണ് പരാതിക്ക് പിന്നിലെന്ന് തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹരജിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.