കല്ലടിക്കോട് (പാലക്കാട്): കരിമ്പ മൂന്നേക്കർ മലയോരമേഖലയിൽ കരിമ്പ മരുതംകാട് ബിനു, കളപ്പുരക്കൽ നിധിൻ എന്നിവരുടെ മരണത്തിനിടയാക്കിയത് വാക്കേറ്റമെന്ന് സൂചന. നിധിന്റെ അമ്മയെക്കുറിച്ച് ബിനു മോശമായി സംസാരിച്ചതിലുള്ള വൈരാഗ്യവും തുടർന്നുള്ള വാക്കേറ്റവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രണ്ടു പേരും സംസാരിക്കുന്നതിനിടയിൽ തർക്കമുണ്ടായിരുന്നു. തന്നെക്കുറിച്ച് ബിനു മോശം പരാമർശം നടത്തിയത് മകന് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഇതാണ് തർക്കത്തിന് വഴിയൊരുക്കിയതെന്നും നിധിന്റെ മാതാവ് ഷൈല പൊലീസിന് മൊഴി നൽകിയിരുന്നു. നിധിനെ കൊലപ്പെടുത്താനെന്ന ഉദ്ദേശ്യത്തോടെ തോക്കുമായെത്തിയ ബിനു വെടിയുതിർക്കാനുള്ള ശ്രമത്തിനിടെ നിധിൻ കത്തി ഉപയോഗിച്ച് ബിനുവിനെ ആക്രമിക്കാൻ തുനിഞ്ഞു. എന്നാൽ, ശ്രമം വിഫലമാവുകയും നിധിൻ വെടിയേറ്റു കൊല്ലപ്പെടുകയും ചെയ്തിരിക്കാമെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് കരിമ്പ മരുതംകാട് പഴയ സ്കൂൾ കെട്ടിടത്തിന് സമീപത്തെ റോഡിൽ ബിനുവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടത്. തൊട്ടടുത്ത വീടിന്റെ അടുക്കള ഭാഗത്ത് നിധിനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെടുന്നതിന് രണ്ടു മണിക്കൂർ മുമ്പുവരെ നാട്ടുകാർ ഇവരെ ഒരുമിച്ച് കണ്ടിരുന്നതായി പറയുന്നു. ബിനു ഉപയോഗിച്ച തോക്കിന് ലൈസൻസില്ലെന്നും ഇത് വേട്ടക്ക് ഉപയോഗിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. രണ്ടു പേരും വെടിയേറ്റുതന്നെയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനും പറയുന്നത്.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കല്ലടിക്കോട് സി.ഐ പി.എസ്. സജിക്കാണ് ചുമതല. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും അനുബന്ധ ശാസ്ത്രീയ തെളിവുകളും വഴി വ്യക്തത വരുമെന്ന് ഡിവൈ.എസ്.പി സന്തോഷ് കുമാർ പറഞ്ഞു. ബിനുവിന്റെ മൃതദേഹം ഐവർമഠം ശ്മശാനത്തിലും നിധിന്റെ മൃതദേഹം കരിമ്പ നിർമലഗിരി സെൻറ് മേരീസ് മലങ്കര സുറിയാനി കാത്തോലിക്ക ചർച്ച് സെമിത്തേരിയിലും സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.