സർവകലാശാലാ നിയമനങ്ങൾ പി.എസ്.സിക്ക് വിടണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലെ മുഴുവൻ നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമീപകാലത്ത് യൂണിവേഴ്‌സിറ്റി നിയമനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനേകം പരാതികളാണ് ഉയർന്നു വന്നത്. നിയമനത്തിനായി നടത്തിയ എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ഉദ്യോഗാർത്ഥികൾ നേടിയ മികച്ച മാർക്കിനെ പോലും അട്ടിമറിച്ച് റാങ്ക് ലിസ്റ്റ് തന്നെ കീഴ്മേൽ മറിഞ്ഞ സംഭവം പോലുമുണ്ടായി. ഈ അട്ടിമറി ഇന്‍റർവ്യൂ ബോർഡ് അംഗങ്ങൾ ഉൾപ്പടെ പരസ്യമായി പറയുകയും ചെയ്തു. മെറിറ്റിനേയും സംവരണത്തേയും ഉൾപ്പെടെ അട്ടിമറിക്കാൻ ശ്രമിച്ചത് തെളിവ് സഹിതം പുറത്തു വന്നിരുന്നു.

സി.പി.എം നേതാക്കളെയും അവരുടെ താല്പര്യക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റാൻ നിരവധി ശ്രമങ്ങളാണ് കഴിഞ്ഞ ആറ് വർഷങ്ങളിലായി നടന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇടത് പാർട്ടി ഗ്രാമങ്ങളാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ നടന്നത്. ഇടത് സർവിസ് സംഘടനകളുടെ സ്വേച്ഛാ ഇടങ്ങളായി കേരളത്തിലെ സർവകലാശാലകൾ മാറിയിട്ട് കുറച്ചധികം നാളുകളായി. കൂടാതെ, സംവരണ അട്ടിമറികളും ഗൗരവതരമാം വിധം സർവകലാശാലാ നിയമനങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനൊപ്പം നിലകൊള്ളുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ സംബന്ധിച്ചുള്ള "ആശങ്ക" അങ്ങേയറ്റം പരിഹാസ്യമാണ്. കേന്ദ്ര സർവകലാശാലകളിലെ മുഴുവൻ നിയമനങ്ങളിലൂടെയും സിലബസുകളും പാഠപുസ്തകങ്ങളും തിരുത്തിയെഴുതിയും ഹിന്ദുത്വ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സമ്പൂർണമായും സംഘ് പരിവാർ ദാസനായ ഗവർണറും ഇതേ അജണ്ടകളുടെ ഏജൻറ് തന്നെയാണ്.

മുസ്‌ലിം-ദലിത്-ആദിവാസി-കീഴാള വിരുദ്ധ വിദ്യാഭ്യാസ അന്തരീക്ഷം നിർമിച്ചെടുക്കാനാണ് കേന്ദ്ര-കേരള സർക്കാരുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സുതാര്യവും നീതിപൂർവകവുമായ നടപടികൾക്ക് സർവകലാശാല നിയമനങ്ങൾ പൂർണ്ണമായും പി.എസ്.സിക്ക് വിടണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ എസ്. മുജീബുറഹ്മാൻ, അർച്ചന പ്രജിത്ത്,കെ.കെ. അഷ്റഫ്, കെ.എം. ഷെഫ്റിൻ, ഫസ്ന മിയാൻ, മഹേഷ് തോന്നക്കൽ,സനൽ കുമാർ, ഫാത്തിമ നൗറീൻ തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - University appointments should be made to PSC - Fraternity Movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.