ന്യൂഡൽഹി: തുടർച്ചയായി അഞ്ചാം വർഷം ഹജ്ജിന് അപേക്ഷിക്കുന്നവരെ നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കി നേരിട്ട് തിരഞ്ഞെടുക്കുന്ന രീതി നിർത്തലാക്കിയതിനെതിരെ കേരളത്തിലെ അപേക്ഷകർ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നോട്ടീസ് അയച്ചു. കേന്ദ്രസർക്കാറിെൻറ ഹജ്ജ് നയം ചോദ്യംചെയ്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി സമർപ്പിച്ച ഹരജിയോടൊപ്പം ഇൗ ഹരജിയും പരിഗണിക്കുമെന്ന് ജസ്റ്റിസ് ജെ. െചലമേശ്വർ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
കേരളത്തിൽനിന്ന് നാലുവർഷം തുടർച്ചയായി അപേക്ഷിച്ചവരാണ് സുപ്രീംകോടതിയിൽ ഹരജിയുമായി വന്നത്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയാണ് റിസർവ്ഡ് കാറ്റഗറി കേന്ദ്രസർക്കാർ പുതിയ ഹജ്ജ് നയത്തിൽ എടുത്തുകളഞ്ഞതെന്ന് ഹരജിക്കാർ ബോധിപ്പിച്ചു. നിരന്തരം അപേക്ഷിച്ചിട്ടും നറുക്ക് കിട്ടാത്ത അനിശ്ചിതത്വം ഒഴിവാക്കാൻ കഴിയുമെന്ന നിലക്ക് മുമ്പ് സുപ്രീംകോടതി പരിശോധിച്ച് അംഗീകാരം നൽകിയ രീതിയാണിത്. അഞ്ചാം വർഷമെങ്കിലും ഹജ്ജിന് പോകാമെന്ന ഒരുറപ്പ് ഇതുവഴി അപേക്ഷകർക്ക് കിട്ടും.
ജനുവരി ആദ്യവാരം നറുക്കെടുപ്പ് നടന്നേക്കും. ഹജ്ജ് നറുക്കെടുപ്പ് നടക്കുന്നതിന് മുമ്പ് തങ്ങളുടെ കേസ് പരിഗണിക്കണമെന്നും നറുക്കെടുപ്പ് കഴിഞ്ഞാൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരും പിന്നീട് കക്ഷികളായി മാറുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
പുതിയ ഹജ്ജ് നയത്തിനെതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി നൽകിയ ഹരജി ജനുവരി നാലിന് സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വർ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനുമുമ്പ് നറുെക്കടുപ്പ് കഴിഞ്ഞാലും തീരുമാനം സുപ്രീംകോടതി ഉത്തരവിന് വിധേയമായിട്ടായിരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. കേരളത്തിൽനിന്നുള്ള അപേക്ഷകർക്കുവേണ്ടി അഡ്വ. സുൽഫീക്കർ അലിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുവേണ്ടി അഡ്വ. ഹാരിസ് ബീരാനും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.