ഏക സിവില്‍കോഡ് സംഘ്പരിവാര്‍ ഗൂഢാലോചന –സിറാജ് ഇബ്രാഹിം സേട്ട്

മലപ്പുറം: വിശ്വാസത്തിന്‍െറ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയാറാകാത്ത മുസ്ലിം സമുദായത്തെ ശിഥിലമാക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ സാമ്രാജ്യത്വത്തിന്‍െറ സഹായത്തോടെ നടത്തുന്ന ഗൂഢാലോചനയാണ് ഏക സിവില്‍കോഡ് വിവാദമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവുമായ സിറാജ് ഇബ്രാഹിം സേട്ട്. ശാബാനുകേസില്‍ സ്വകാര്യ അന്യായമായിരുന്നു കോടതിക്ക് മുന്നില്‍ വന്നതെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നേരിട്ടാണ് കോടതിയെ സമീപിച്ചതെന്നത് പ്രശ്നത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ തകര്‍ത്ത് രാജ്യത്തെ പൂര്‍ണമായി തങ്ങള്‍ക്ക് അധീനപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘ്പരിവാറിന്‍െറ അജണ്ടകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മതേതര വിശ്വാസികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്ത് ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തില്‍ കമ്യൂണിസത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയത് സാമ്രാജ്യത്വ ശക്തികളാണ്. ഇനി അവര്‍ക്ക് മുന്നിലുള്ള ‘ഭീഷണി’ ഇസ്ലാമാണ്. തങ്ങളുടെ അധീശത്വത്തിന് വഴങ്ങാത്തവരെയെല്ലാം ഇല്ലാതാക്കുകയെന്ന അജണ്ടയാണ് ഇന്ത്യയില്‍ സംഘ്പരിവാറും നടപ്പാക്കുന്നത്. നിയമ കമീഷന്‍െറ ചോദ്യാവലിതന്നെ ആര്‍.എസ്.എസ് ഗൂഢാലോചനയുടെ ഫലമാണ്.
ത്വലാഖ് വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി മുസ്ലിം സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാമെന്നത് വ്യാമോഹമാണ്. ഇതിനെതിരെ വ്യക്തിനിയമ ബോര്‍ഡ് ജാഗ്രത പുലര്‍ത്തും. ഗോവന്‍ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിഞ്ഞ് ഇത്ര വര്‍ഷങ്ങള്‍ക്കുശേഷം കുട്ടികളുണ്ടാകുന്നില്ളെങ്കില്‍ രണ്ടാം വിവാഹത്തിന് അനുമതിയുണ്ട്. ഇതിനെതിരെ എന്തുകൊണ്ട് ബി.ജെ.പി പ്രതികരിക്കുന്നില്ല?
രാജ്യത്തെ ഭൂരിഭാഗം രാഷ്ട്രീയ സംഘടനകളും ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന് എതിരാണ്. ഇവരുടെ സഹകരണത്തോടെ സര്‍ക്കാര്‍ നീക്കത്തിനെതിരെ പോരാടുകയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്‍െറ ലക്ഷ്യം. ഭോപാലിലെ വ്യാജ ഏറ്റുമുട്ടല്‍ ഭീതിജനകമാണെന്നും അദ്ദേഹം  പറഞ്ഞു.

Tags:    
News Summary - uniform civil code ibrahim sett

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.