നേതൃത്വമാറ്റത്തിൽ അനിശ്ചിതത്വം കനക്കുന്നു; ആന്‍റണിയെ വീട്ടി​ലെത്തി കണ്ട്​ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ നേതൃത്വമാറ്റം സംബന്ധിച്ച അനിശ്ചിതത്വം കനക്കുന്നതിനിടെ, മുതിർന്ന നേതാവ് എ.കെ. ആന്‍റണിയെ വീട്ടിലെത്തി കണ്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കാനുള്ള ഹൈകമാൻഡ് നീക്കത്തിനെതിരെ തുറന്നടിച്ചും പ്രതിരോധിച്ചും നിലപാടിലുറച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് ആന്‍റണിയെ കണ്ട് സുധാകരൻ സങ്കടമറിയിച്ചത്. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റാനാണ് തീരുമാനമെങ്കിൽ സ്വയം മാറിത്തരാമെന്നും എന്നാൽ, പൊതുചർച്ചക്കിട്ട് തന്നെ അപമാനിക്കരുതെന്നും ആന്റണിയോട് സുധാകരൻ അഭ്യർഥിച്ചെന്നാണ് വിവരം.

‘തനിക്ക് അനാരോഗ്യമുണ്ടെന്ന് ചിലർ ബോധപൂർവം പ്രചരിപ്പിക്കുകയാണ്. സമൂഹത്തിനുമുന്നിൽ തന്നെ അപമാനിതനാക്കും വിധമുള്ള ചർച്ചകൾ നടക്കുകയാണ്. ഇത് അവസാനിപ്പിക്കാൻ ഇടപെടണമെന്നും സുധാകരൻ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ആന്‍റണിയെ കണ്ട് പരിഹാരം തേടുന്ന രീതി സുധാകരനുണ്ട്. സമാനമാണ് തിങ്കളാഴ്ചത്തെയും കൂടിക്കാഴ്ച. ആന്‍റണിയുടെ വാക്കുകൾ കേന്ദ്രനേതൃത്വത്തെ സ്വാധീനിക്കാൻ സാധിക്കുമെന്ന നിലയിലാണ് അവസാന ചുവടുവെപ്പ് എന്ന നിലയിൽ ആന്‍റണിയെ കണ്ട് സുധാകരൻ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തിയത്.

ഇതിനിടെ, നേതൃമാറ്റ വിഷയം ശരിക്കും നേതൃത്വത്തെ പൊള്ളിക്കുകയാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് കെട്ടുറപ്പോടെ, മുന്നോട്ടുപോകാൻ കോൺഗ്രസും യു.ഡി.എഫും നടത്തുന്ന മുന്നൊരുക്കങ്ങൾക്ക് വിലങ്ങുതടിയാകുന്നെന്ന വിമർശനം സംഘടനക്കുള്ളിൽ ശക്തമാണ്. നേതൃമാറ്റം സംബന്ധിച്ച് മൂന്നാംതവണയാണ് കേന്ദ്രനേതൃത്വം നീക്കംനടത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഘട്ടത്തിലായിരുന്നു ആദ്യത്തേത്. അന്ന് സമ്മർദങ്ങൾ മറികടന്ന് നേതൃത്വത്തിലേക്ക് തിരിച്ചെത്തിയ ശേഷവും എ.കെ. ആന്‍റണിയെ വീട്ടിലെത്തി സുധാകരൻ കണ്ടിരുന്നു. രണ്ടുമാസം മുമ്പായിരുന്നു രണ്ടാം നീക്കം. രൂക്ഷഭാഷയിൽ പ്രതികരിച്ച് സുധാകരൻ രംഗത്തെത്തുകയും വിവാദം ഭരണപക്ഷം ആയുധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് തൽക്കാലം അന്ന് ചർച്ച അവസാനിപ്പിച്ചത്. സമാന രീതിയാണ് ഇപ്പോഴും സുധാകരന്‍റെ സമ്മർദം. ‘മാറാൻ തയാറാണ്. പക്ഷേ, നേതൃത്വം പറയണം. എന്നാൽ, നേതൃത്വം തന്നെ മാറ്റില്ലെന്നതാണ് തന്‍റെ ആത്മവിശ്വാസം’. ഇതാണ് സുധാകരന്‍റെ നിലപാട്.

Tags:    
News Summary - Uncertainty looms over leadership change; Sudhakaran visits Antony at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.