അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കല്‍ -വി.ഡി. സതീശൻ

തിരുവനന്തപുരം: ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറയുമ്പോഴും സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍നിന്നും കെ.എസ്.ഇ.ബി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാറും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍റെ കാലത്തെ ദീര്‍ഘകാല വൈദ്യുത കരാര്‍ റദ്ദാക്കിയ നടപടിയാണ് പ്രതിസന്ധിയില്‍ എത്തിച്ചത്. 465 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ 25 വര്‍ഷത്തേക്ക് യൂനിറ്റിന് 4 രൂപ 29 പൈസ നിരക്കിലാണ് കരാറുറപ്പിച്ചിരുന്നത്. എന്നാല്‍ കോടികളുടെ അഴിമതി ലക്ഷ്യമിട്ടാണ് ഈ കരാര്‍ റദ്ദാക്കിയത്. ഏഴ് മുതല്‍ 12 രൂപ നിരക്കിലാണ് ഇപ്പോള്‍ ഹ്രസ്വകാല കരാറിലൂടെ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ ഒരു ദിവസം എട്ട് മുതല്‍ പത്ത് കോടി രൂപ വരെയാണ് കെ.എസ്.ഇ.ബിയ്ക്കുണ്ടാകുന്ന അധിക ബാധ്യത -വി.ഡി. സതീശൻ വിശദീകരിച്ചു.

നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തു നിന്നും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത നിരക്ക് വര്‍ധനവിയിലൂടെ ഉപയോക്താക്കളില്‍ നിന്നും ഈടാക്കുമെന്നതാണ് വാസ്തവമെന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Tags:    
News Summary - Unannounced Electricity Control is Cheating People ssays VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.