തിരുവനന്തപുരം: സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നിൽ അടിസ്ഥാന വർഗങ്ങളുടെ വോട്ട് ഏകീകരണം വലിയ രീതിയിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ ശശി. ഇടത് സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കാൻ സംസ്ഥാനത്തെ അടിസ്ഥാന വർഗങ്ങളുടെ 70 ശതമാനത്തിൽ കൂടുതൽ വോട്ട് യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാർ കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ ദൗർബല്യങ്ങളെ ക്രൂരമായി ചൂഷണം ചെയ്യുകയായിരുന്നു. വൻതോതിൽ പദ്ധതി ഫണ്ടുകൾ രഹസ്യമായി വെട്ടിക്കുറയ്ക്കുകയും സർക്കാർ ജോലികളിലെ സംവരണം അട്ടിമറിക്കുകയും ചെയ്തു. സാമൂഹ്യനീതി നിഷേധിക്കപ്പെടുകയും അനേകം പട്ടിക വിഭാഗ പീഡനങ്ങൾ സംസ്ഥാനത്ത് നടക്കുകയും ചെയ്തു. ഇതെല്ലാം നിശബ്ദമായി സഹിച്ചിരുന്ന ജനവിഭാഗം ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയോട് മധുരമായി പകരം വീട്ടിയിരിക്കുകയാണ്. പിണറായി വിജയൻ പട്ടികജാതി വിഭാഗത്തിന് ഒരു മന്ത്രിയെ പോലും നൽകാൻ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന നിയമസഭയിലെ 16 പട്ടികവിഭാഗ സംവരണ മണ്ഡലങ്ങളിൽ കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് യു.ഡി.എഫിന് ആകെ രണ്ട് എം.എൽ.എമാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 11 സംവരണ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. പട്ടിക വിഭാഗങ്ങളുടെ വോട്ട് വിഹിതം വൻതോതിൽ യു.ഡി.എഫിന് ലഭിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് എ.കെ ശശി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.