തിരുവനന്തപുരം: കൂടുമാറ്റനീക്കം ഉപക്ഷേിച്ച് ഇടതുക്യാമ്പിൽ ഉറച്ചുനിൽക്കാനുള്ള കേരള കോൺഗ്രസ്-എം നേതൃയോഗ തീരുമാനത്തോടെ വലിയ രാഷ്ട്രീയ ആശ്വാസത്തിൽ സി.പി.എമ്മും മുന്നണിയും. തെരഞ്ഞെടുപ്പ് പടിവാതിലിൽ മാണി കോൺഗ്രസ് പടിയിറങ്ങിയാലുള്ള പരിക്ക് മുന്നിൽകണ്ട് മുഖ്യമന്ത്രി നേരിട്ടിറങ്ങിയതിന് പിന്നാലെയാണ് കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗ തീരുമാനം. ഇതോടെ സ്വന്തം തട്ടകം ഭദ്രമാക്കിയെന്നത് മാത്രമല്ല യു.ഡി.എഫിന്റെ ‘വിസ്മയകരമായ’ വിപുലീകരണ ശ്രമങ്ങളെ തടയാൻ കഴിഞ്ഞുവെന്നതും ഇടതുമുന്നണിക്ക് ആശ്വാസം നൽകുന്നു.
പാർട്ടി സംവിധാനം താരതമ്യേന ശക്തികുറഞ്ഞ മധ്യകേരളത്തിൽ മാണി കോൺഗ്രസിന്റെ വരവ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ കരുത്താണ് ഇടതുമുന്നണിക്ക് നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ മത്സരിച്ച പാർട്ടി അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്നു. 20 മണ്ഡലങ്ങളിൽ പാർട്ടിക്ക് സ്വാധീനമുണ്ടെന്നാണ് സി.പി.എം വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭയിലും ഏറ്റവുമൊടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടെങ്കിലും മുന്നണിക്കുള്ളിൽ മധ്യകേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണയുള്ള കേരള കോൺഗ്രസിന്റെ പ്രതിനിധ്യം അനിവാര്യമാണെന്ന് സി.പി.എം തിരിച്ചറിയുന്നു.
പഴയ തട്ടകത്തിലേക്ക് കേരള കോൺഗ്രസ് തിരിച്ചെത്തുന്ന പക്ഷം അത് യു.ഡി.എഫിനെ എത്രത്തോളം ശക്തമാക്കുമെന്നതും സി.പി.എമ്മിന് ധാരണയുണ്ട്. മാത്രമല്ല, ഐഷ പോറ്റി സി.പി.എം വിട്ടതിന്റെ പ്രഹരത്തിനിടയിലാണ് മാണി കോൺഗ്രസിന്റെ മുന്നണി മാറ്റ ചർച്ച സജീവമായത്. ഇതോടെയാണ് മാണി കോൺഗ്രസ് പിളർന്നാലും റോഷി അഗസ്റ്റിനെ മുന്നണിയിൽ നിലനിർത്താനുള്ള കടുത്ത സമ്മർദത്തിന് സി.പി.എം തയാറായത്.
മറുഭാഗത്ത് കേരള കോൺഗ്രസ്-എം മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ് നേതൃത്വം. യു.ഡി.എഫ് വലിയ വിജയപ്രതീക്ഷ പുലർത്തുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ, ജോസ് കെ. മാണിയുടെ വരവ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വലിയ മുന്നേറ്റത്തിന് സഹായിക്കുമെന്ന് അവർ കണക്കുകൂട്ടി. എന്നാൽ, സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഈ പ്രതീക്ഷകൾ അസ്തമിച്ചതോടെ പ്രതിപക്ഷത്തിന് തങ്ങളുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ മാറ്റംവരുത്തേണ്ടി വരും.
മുന്നണി മാറ്റ ചർച്ചകൾക്കിടെ കേരള കോൺഗ്രസ് (എം) സ്ഥാപക നേതാവ് കെ.എം. മാണിയോടുള്ള ആദരസൂചകമായി തിരുവനന്തപുരത്ത് സ്മാരകം പണിയാൻ സർക്കാർ ഭൂമി അനുവദിച്ച തീരുമാനം തന്ത്രപരമായിരുന്നു. മാണിക്കെതിരെ രൂക്ഷമായ പ്രതിഷേധങ്ങൾ നടത്തിയ ഇടതുപക്ഷം തന്നെ അദ്ദേഹത്തിന് സ്മാരകം പണിയാൻ ഭൂമി നൽകുന്നുവെന്ന വിമർശനം ഒരു ഭാഗത്തുണ്ടെങ്കിലും ഈ നീക്കത്തിലൂടെ കേരള കോൺഗ്രസിനെ എൽ.ഡി.എഫിനോട് കൂടുതൽ അടുപ്പിക്കാൻ സർക്കാറിന് സാധിച്ചുവെന്നാണ് സി.പി.എം വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.