അടൂർ പ്രകാശ്, ജി. സുകുമാരൻ നായർ

എൻ.എസ്.എസുമായി കൂടിക്കാഴ്ച നടത്താൻ യു.ഡി.എഫ്, അടൂർ പ്രകാശ് പെരുന്നയിലേക്ക്; ശബരിമല അടക്കം ചർച്ചയാകും

കോഴിക്കോട്: പിണറായി സർക്കാറിനെ അനുകൂലിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി ശബരിമല യുവതീ പ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ നേരിൽകണ്ട് ചർച്ച നടത്താൻ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി പെരുന്നയിലേക്ക്. നിലവിലെ സാഹചര്യത്തിൽ എൻ.എസ്.എസുമായി ചർച്ച വേണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നിലപാട് നിലനിൽക്കെയാണ് ആശയക്കുഴപ്പം മാറ്റാൻ സുകുമാരൻ നായരുമായി യു.ഡി.എഫ് കൺവീനർ കൂടിക്കാഴ്ച നടത്തുന്നത്.

സി.പി.എമ്മിനോട് സുകുമാരൻ നായർക്ക് അനുഭാവമുള്ളതായി തോന്നുന്നില്ലെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു സമുദായ സംഘടനയോടും യു.ഡി.എഫിന് അകൽച്ചയില്ല. സുകുമാരൻ നായരെ നേരിൽ കാണുന്നതിൽ യാതൊരു പ്രശ്നവുമില്ല. എൻ.എസ്.എസ് ജനറൽ സെക്രട്ടറി അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. സമദൂര സിദ്ധാന്തം അദ്ദേഹം ആവർത്തിച്ച് പറയുന്നുണ്ട്. ഈ വിഷയത്തിൽ കോൺഗ്രസിന് യാതൊരു ആശങ്കയുമില്ലെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സി.പി.എമ്മിനെ പിന്തുണക്കുന്ന നിലപാടാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സ്വീകരിച്ചത്. കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി ഒന്നും ചെയ്തില്ലെന്നും കോൺഗ്രസ് കള്ളക്കളി കളിച്ചുവെന്നുമാണ് അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് ആഗോള അയ്യപ്പ സംഗമത്തിൽ പ​ങ്കെടുത്തതെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.

അതേസമയം, സ്വന്തമായി നിലപാടെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം എൻ.എസ്.എസിനുണ്ടെന്നും അതിൽ പരാതിയോ ആക്ഷേപമോ ആരോപണമോ ഉന്നയിച്ചിട്ടില്ലെന്നായിരുന്നു വിഷയത്തിലുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണം. എല്ലാ മതങ്ങളുടെയും ജാതികളുടെയും പിന്നാലെ നടക്കുന്ന പാർട്ടിയായി സി.പി.എം അധപതിച്ചെന്നും യു.ഡി.എഫ് അങ്ങനെ പോകില്ലെന്നും സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.

എൻ.എസ്.എസ് എൽ.ഡി.എഫിനോട് അടുക്കുന്നുവെന്ന നിലയിൽ നടത്തുന്ന പ്രചരണം ശരിയല്ലെന്ന് സുകുമാരൻ നായരുമായി അടുപ്പമുള്ള രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. രാഷ്ട്രീയമായി കൃത്യമായി നിലപാട് എൻ.എസ്.എസിനുണ്ടെന്ന് ജനറൽ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് നിലപാട് വ്യക്തമാണ്. അത്തരത്തിൽ നിലപാട് സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്. അതോടൊപ്പം സമദൂരം തുടരുമെന്നും പറഞ്ഞിട്ടുണ്ട്. ശബരിമല വിഷയത്തിൽ എടുത്ത നിലപാടല്ല രാഷ്ട്രീയമായി അവർ എടുക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

എന്നാൽ, എൻ.എസ്.എസിന്‍റെ പുതിയ തീരുമാനം തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയാകുമോ എന്ന ഭയം മുസ് ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കുണ്ട്. എൻ.എസ്.എസിനെ അനുനയിപ്പിക്കാനുള്ള ഒരു നീക്കത്തിനും തയാറല്ലെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോൾ, ചർച്ചയാകാമെന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിട്ടുള്ളത്.

ആവശ്യമെങ്കിൽ ചർച്ചക്ക് മധ്യസ്ഥം വഹിക്കാമെന്നും ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി അടക്കമുള്ള സമുദായ സംഘടനകളെ പിണക്കേണ്ടെന്നാണ് ലീഗിന്‍റെ നിലപാട്. യു.ഡി.എഫിലെ ആശയക്കുഴപ്പം പരിഹരിക്കാൻ ഇടപെടണമെന്ന നിലപാടാണ് കോൺഗ്രസ് ഹൈക്കമാൻഡിനുള്ളത്.

Tags:    
News Summary - UDF's Adoor Prakash to Perunna to meet with NSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.