അവിശ്വാസപ്രമേയ ചർച്ചക്ക് ശേഷം പുറത്തേക്കിറങ്ങിയ അംഗങ്ങളെ കോൺഗ്രസ് പ്രവർത്തകർ സ്വീകരിക്കുന്നു
എരുമേലി: ഒടുവിൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. എരുമേലി പഞ്ചായത്ത് ഭരണത്തിൽനിന്ന് എൽ.ഡി.എഫ് പുറത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി.എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. ചൊവ്വാഴ്ച രാവിലെ 11ന് പ്രസിഡന്റ് സി.പി.എമ്മിലെ തങ്കമ്മ ജോർജ്കുട്ടിക്ക് എതിരെയും ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡന്റ് അനിശ്രീ സാബുവിന് (സി.പി.ഐ) എതിരെയുമാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
യു.ഡി.എഫിലെ 11 അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതോടെ പ്രമേയം പാസാകുകയായിരുന്നു.23 അംഗ ഭരണസമിതിയിൽ യു.ഡി.എഫ്-11, എൽ.ഡി.എഫ്- 11, സ്വതന്ത്രൻ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. തെരഞ്ഞെടുപ്പിന് പിന്നാലെ സ്വതന്ത്രൻ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും യു.ഡി.എഫിന് ഭരണത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.
ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ ഇരുമുന്നണിയും ഒപ്പത്തിനൊപ്പം വരുകയും നറുക്കിടുകയുമായിരുന്നു. നറുക്കെടുപ്പിൽ ഭരണം എൽ.ഡി.എഫിന് ലഭിച്ചു. ആറുമാസത്തിനുശേഷം കോൺഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും ഒരംഗം വിട്ടുനിന്നതോടെ വീണ്ടും പരാജയപ്പെട്ടു.
ഈ അംഗത്തിന് മാപ്പുനൽകി കൂടെ നിർത്തിയതിനൊപ്പം സ്വതന്ത്രനെയും ഒപ്പം കൂട്ടിയാണ് ഇപ്പോൾ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസാക്കിയത്. ഇതിനിടെ മറ്റൊരംഗത്തിനെതിരെ പൊലീസ് കേസ് ഉണ്ടായെങ്കിലും സെഷൻ കോടതി ഇടക്കാല ജാമ്യം നൽകിയതും കോൺഗ്രസിന് ആശ്വാസമായി. എന്നാൽ, പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തർക്കം ഉടലെടുക്കുമോയെന്ന ആശങ്ക കോൺഗ്രസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.