ഭക്ഷ്യകിറ്റ് വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; ആദിവാസികളെ അപമാനിക്കുകയാണെന്ന് കെ. സുരേന്ദ്രൻ

വയനാട്: സുൽത്താൻ ബത്തേരിയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ ഭക്ഷ്യകിറ്റുകൾ എത്തിച്ച സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ. ആദിവാസി സമൂഹത്തെ യു.ഡി.എഫും എൽ.ഡി.എഫും അപമാനിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

ആദിവാസി ഗോത്ര സമൂഹത്തിന്‍റെ വ്യക്തിത്വത്തെയും അസ്ഥിത്വത്തെയും ചോദ്യം ചെയ്യുന്നതാണ് ആരോപണം. യു.ഡി.എഫും എൽ.ഡി.എഫും മാപ്പ് പറയണം. 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നാണ് അർഥമാക്കുന്നത്. വ്യാജ പ്രചരണത്തിന് ആദിവാസികൾ തെരഞ്ഞെടുപ്പിൽ തക്കതായ മറുപടി നൽകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പറഞ്ഞ് നടന്നവരുടെ ആത്മവിശ്വാസം തകർന്നിരിക്കുകയാണ്. യു.ഡി.എഫിനെതിരെ ശക്തമായ ജനവികാരം വയനാട്ടിലുണ്ട്. നിരാശയിൽ നിന്ന് ഉയർന്നതാണ് ആരോപണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ബത്തേരിയിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്‍റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടു പോയതെന്ന് തന്‍റെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. അതിന്‍റെ വിവരങ്ങളും തെളിവുകളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്നലെ വൈകിട്ടാണ് വയനാട് സുൽത്താൻ ബത്തേരിയിൽ അവശ്യ സാധനങ്ങളടങ്ങിയ 1500ഓളം ഭക്ഷ്യകിറ്റുകൾ പിടികൂടിയത്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം കഴിഞ്ഞതിന് പിന്നാലെയാണ് ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽ നിന്ന് കിറ്റുകൾ പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ മുതലായവ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു. എവിടേക്ക് നൽകാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകൾ കയറ്റിയ ലോറിയുടെ ഡ്രൈവർ പറയുന്നത്. ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബി.ജെ.പി തയാറാക്കിയ കിറ്റുകളാണ് ഇതെന്നാണ് ആരോപണം.

അതേസമയം, ബത്തേരിയിൽ പിടികൂടിയ ഭക്ഷ്യ കിറ്റുകൾക്ക് ഓർഡർ കൊടുത്തത് ബി.ജെ.പി പ്രവർത്തകനാണെന്ന് പൊലീസ് പറയുന്നു.

Tags:    
News Summary - UDF and LDF behind food kit controversy; K. Surendran is insulting the tribals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.