'യു.ഡി.എഫിന് അനുകൂലമായ വലിയ ഘടകമാണ് അൻവർ; ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിലമ്പൂര്‍ സജ്ജം'

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്. ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിലമ്പൂര്‍ സജ്ജമാണ്. ഹൈക്കമാന്‍ഡാണ് തീരുമാനം എടുക്കേണ്ടത്. യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് നിലമ്പൂരിൽ. യു.ഡി.എഫും പി.വി. അൻവറും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

ആരാണ് സ്ഥാനാർഥിയെന്ന തീരുമാനം ഇതുവരെ വന്നിട്ടില്ല. അത് ഹൈക്കമാന്‍ഡ് തീരുമാനിക്കും. നേതാക്കള്‍ തീരുമാനിച്ച് അറിയിക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. യു.ഡി.എഫിന്‍റെ നേതാക്കന്മാരുമായി പി.വി. അൻവർ സംസാരിക്കുന്നുണ്ട്. യു.ഡി.എഫുമായി സഹകരിക്കാൻ അൻവർ തയ്യാറാണ്. അൻവർ ഒരു വലിയ ഘടകമാണ്. അൻവർ ഘടകം യു.ഡി.എഫിന് അനുകൂലമാണ്. അന്‍വറിന്റെ പിന്തുണയില്‍ വിരോധാഭാസത്തിന്റെ ആവശ്യമില്ല. യു.ഡി.എഫ് ഉന്നയിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പി.വി. അന്‍വര്‍ ഉന്നയിക്കുന്നത്.

ജൂൺ 19നാണ് പി.വി. അൻവർ രാജിവെച്ച ഒഴിവിൽ നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് ഫലപ്രഖ്യാപനം. ജൂൺ രണ്ട് വരെയാണ് നാമനിർദേശ പത്രിക നൽകാനുള്ള സമയം. ജൂൺ മൂന്നിന് സൂക്ഷ്മപരിശോധന നടക്കും. ജൂൺ അഞ്ച് വരെ പത്രിക പിൻവലിക്കാം.

2021ലെ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവർ 2700 വോട്ടിനാണ് നിലമ്പൂരിൽ വിജയിച്ചത്. കോൺഗ്രസിന്‍റെ അഡ്വ. വി.വി. പ്രകാശിനെയാണ് പരാജയപ്പെടുത്തിയത്. 2016ലാണ് അൻവർ കോണ്‍ഗ്രസ് വിട്ട് നിലമ്പൂരില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചത്. 2016 തെരഞ്ഞെടുപ്പിൽ 11,504 വോട്ടിനാണ് ആര്യാടന്‍ ഷൗക്കത്തിനെ അൻവർ പരാജയപ്പെടുത്തിയത്. 30 വര്‍ഷത്തോളം ആര്യാടന്‍ മുഹമ്മദ് കൈവശം വച്ചിരുന്ന മണ്ഡലം അന്‍വര്‍ ഇടതിനൊപ്പമാക്കുകയായിരുന്നു. 


Tags:    
News Summary - UDF and Anwar will face the elections together Aryadan Shoukath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.