യു.എ.പി.എക്കെതിരെ ആദ്യമായി പൊതുവേദി

കോഴിക്കോട്: എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരെ വരെ കേസുകള്‍ വ്യാപകമായ സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ യു.എ.പി.എക്കെതിരെ ആദ്യമായി പൊതുവേദി. സംസ്ഥാനത്ത് വളരെ പരിമിത സംഘടനകള്‍ മാത്രമേ യു.എ.പി.എക്ക് എതിരെ സ്ഥിരം കാമ്പയിന്‍ നടത്തിയിട്ടുള്ളൂ. ആരെയെങ്കിലും അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ മോചനത്തിനുള്ള പ്രചാരണങ്ങളായിരുന്നു പതിവുരീതി. ഇതില്‍നിന്ന് ഭിന്നമായി കൂടുതല്‍ സംഘടിതമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുതിയ കൂട്ടായ്മ ഊന്നല്‍ നല്‍കുന്നത്. ഈ നിയമത്തിന്‍െറ പേരില്‍ നേരത്തേ അറസ്റ്റിലായവരും തടവില്‍ കഴിഞ്ഞവരും ഉള്‍പ്പെടെ വിവിധ സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് യു.എ.പി.എ വിരുദ്ധവേദി.  ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കലും നിയമസഭാ മാര്‍ച്ചും ഉള്‍പ്പെടെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.

യു.എ.പി.എ നിയമം കേരളത്തില്‍ പ്രയോഗിക്കുകയില്ളെന്നും നിലവിലുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും രാഷ്ട്രീയമായി തീരുമാനമെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടാണ് 28ന് നിയമസഭ മാര്‍ച്ച്. കേരളത്തിലെ ലഭ്യമായ യു.എ.പി.എ കേസുകളുടെ പട്ടിക തയാറാക്കി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കും.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള പൊലീസ് ചുമത്തിയ യു.എ.പി.എ കേസുകളിലൊന്നുപോലും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടതല്ല. യോഗം ചേര്‍ന്നതിനും പ്രകടനം നടത്തിയതിനും മുദ്രാവാക്യം വിളിച്ചതിനും നോട്ടീസ് വിതരണം ചെയ്തതിനും പോസ്റ്റര്‍ ഒട്ടിച്ചതിനും പുസ്തകങ്ങള്‍ കൈവശം വെച്ചതിനും മറ്റുമാണ് പ്രധാനമായും യു.എ.പി.എ ചുമത്തിയത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ സംസ്ഥാനത്ത് 60 യു.എ.പി.എ കേസാണ് എടുത്തത്. യു.എ.പി.എക്ക് എതിരായി പൊതുവായ കാമ്പയിനിനുള്ള രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിട്ടുണ്ടെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന ഭാരവാഹി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി അറിയിച്ചു. മുമ്പത്തെക്കാളുമധികം ഈ നിയമത്തിന്‍െറ അനീതിയെക്കുറിച്ച് ആളുകള്‍ തിരിച്ചറിയുന്നുണ്ട്. ഈ നിയമം മാവോവാദികളെയും ഇസ്ലാമിസ്റ്റുകളെയുമല്ല ആരെയും ലക്ഷ്യംവെക്കാമെന്നും ആളുകള്‍ക്ക് ബോധ്യപ്പെടുന്ന സാഹചര്യത്തിലാണ് വിവിധ രാഷ്ട്രീയ മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയായി യു.എ.പി.എ വിരുദ്ധവേദി രൂപവത്കരിച്ച് നിയമസഭ മാര്‍ച്ച് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - UAPA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.