ആയിഷ റിദ, ഫാത്തിമ മുഹ്സിന

സ്കൗട്ട് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികൾ പുഴയിൽ മുങ്ങിമരിച്ചു

കരുളായി/കൽപകഞ്ചേരി: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികൾ നിലമ്പൂർ നെടുങ്കയം പുഴയിൽ മുങ്ങിമരിച്ചു. കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ കൻമനം കുറുങ്കാട് സ്വദേശി പുത്തൻവളപ്പിൽ അബ്ദുൽ റഷീദിന്റെ മകൾ ആയിഷ റിദ (14), പുത്തനത്താണി ചെലൂർ സ്വദേശി കുന്നത്ത് പീടിയേക്കൽ മുസ്തഫയുടെ മകൾ ഫാത്തിമ മുഹ്സിന (11) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടം.

ആയിഷ റിദ ഒമ്പതാം ക്ലാസിലും ഫാത്തിമ മുഹ്സിന ആറാം ക്ലാസിലുമാണ് പഠിക്കുന്നത്. സ്കൂളിൽനിന്ന് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്‌സിന്റെ ക്യാമ്പിനെത്തിയതായിരുന്നു 49 വിദ്യാര്‍ഥികളും എട്ട് അധ്യാപകരുമടങ്ങിയ സംഘം. 33 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച രാവിലെ സ്കൂളില്‍നിന്ന് പുറപ്പെട്ട ഇവര്‍ നിലമ്പൂരിലെ കനോലി പ്ലോട്ടിലും തേക്ക് മ്യൂസിയത്തിലും സന്ദര്‍ശനം നടത്തി ഉച്ചക്ക് ശേഷമാണ് കരുളായി വനത്തിനകത്തുള്ള നെടുങ്കയം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയത്. അവിടെ താമസിക്കാനുള്ള അനുമതി വനംവകുപ്പില്‍നിന്ന് വാങ്ങിയശേഷം ക്യാമ്പ് ഒരുക്കുന്നതിനിടെ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍.

നെടുങ്കയം പാലത്തിന്റെ താഴെ ഭാഗത്ത് ആണ്‍കുട്ടികളും മുകള്‍ഭാഗത്ത് പെണ്‍കുട്ടികളുമാണ് കുളിക്കാനിറങ്ങിയതെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടികള്‍ ഇറങ്ങിയ ഭാഗം അപകടമേഖലയായിരുന്നു. ഇവിടെ ഇറങ്ങരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് ബോര്‍ഡ് വെച്ച സ്ഥലമാണിത്. എന്നിട്ടും വനംവകുപ്പിന്റെ അനുമതിയോടെത്തന്നെയാണ് കുട്ടികള്‍ അവിടെ കുളിക്കാനിറങ്ങിയത്. വന്‍ കയമുള്ള ഇവിടെയിറങ്ങിയ കുട്ടികളില്‍ ചിലര്‍ മുങ്ങിത്താഴുന്നത് കണ്ട് അധ്യാപകര്‍ ഓടിയെത്തി പുഴയിലിറങ്ങിയാണ് ഇവരെ പുറത്തെടുത്തത്.

ഉടന്‍ കരുളായിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലുമെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചിരുന്നു. നിലമ്പൂർ ജില്ല ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


Tags:    
News Summary - Two students drowned in river while visiting Scout and Guides camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.